Thursday, April 2, 2015

തറയിൽ പുരളുന്ന ആകാശങ്ങൾ...

ഓർമ്മകൾ കൊണ്ട് മറവിയിലേക്കും
വെളിച്ചം കൊണ്ട് ഇരുട്ടിലേക്കും
ഇറങ്ങിമുങ്ങുന്ന നീലാകാശനിബിഡമായ
എന്റെ ഏകാന്തതകളിലേക്ക്....
ഓരോ അണുവിലുമിരമ്പുന്ന നിലാവായി
നിന്നെ പിരിച്ചുവിട്ട ഒരു പേക്കിനാവോർമ്മ....

ശബ്ദത്താൽ പ്രാപിക്കാനാവാത്ത ഏതു-
സ്വപ്നത്തിന്റെ കടവിൽ...
നിഴലുകളിൽ അളക്കാനാവാത്ത
ഏതുചുവപ്പിന്റെ ചതുപ്പിൽ...
ഭൂമിയും ആകാശവും കൈയ്യടക്കിയ
ഏതു നോവിന്റെ ചിതയിൽ..
എവിടെ തിരഞ്ഞാലാണ്
ഇനി ഞാൻ നിന്നെ കണ്ടെത്തുക.....?

പലകുറി എഴുതിമായ്ച്ചിട്ടും
ഒന്നിച്ചുതുഴഞ്ഞ വാക്കുകളുടെ
 നിഴലും തീണ്ടി,അഴുകി,
  ഈച്ചകൾ പൊതിഞ്ഞ്
നീ നടന്നകലുന്നതെങ്ങോട്ടാണ്...?
ചോരനനവിലാണ്ട് തെരുവുവിഴുങ്ങുന്ന
ഈ രാത്രി എന്റെ ഉന്മാദങ്ങളുടെ
ഉണർത്തുപാട്ടാണ്..

ആളുകൾ ഒന്നൊന്നായിയഴിഞ്ഞ്
എങ്ങോട്ടൊക്കെയോ
ഇറങ്ങിനനഞ്ഞ് ചേക്കേറുമ്പോൾ...
ഏകാന്തതയുടെ ശബ്ദത്തിൽ
കത്തുന്നുണ്ട് ഒരായിരം ഉടലുകൾ..

ഹ്യദയത്തിന്റെ നാലറകൾ,
 ഇപ്പോൾ  നാല്പതോ നാന്നൂറോ
ആയി പിളർന്നിരിക്കുന്നു..
ഓരോ നോട്ടങ്ങളിലും ഉരസുമ്പോൾ
വെയിൽച്ചൂടു പറ്റുന്നുണ്ട്..

മുകളിലേക്ക് അച്ചുതണ്ടുള്ള എന്റെ ഭൂമിയിൽ
അവിടവിടെ നക്ഷത്രങ്ങൾ പതിച്ച്
തറയിൽ വിരിച്ചപരവതാനിയാണ് ആകാശം.
ഇപ്പോൾ നീലരാത്രിയെ
 നിലാവത്തുറക്കികിടത്തി
നൈമിഷികതകളുടെ വരണ്ട ഭൂരാശിയിൽ
ഉടൽ അഴിച്ചുവച്ച് ഞാനും ....
അഴുകി ജീർണ്ണിച്ച്....

Friday, March 20, 2015

വായനക്കാരാ... നിനക്കായ്...

വായനക്കാരാ....
നിനക്കായ് തുറക്കുന്നു
ഏടുകൾ വിട്ടൊരു
ജീവിതം..
കൊത്തിവെക്കുന്നു,
നിലവിളിയൊച്ചതൻ കാറ്റിൽ
ഉലയും ജനാല,
കീറി വേർപെട്ടുപോയൊരു ചുംബനം,
മഞ്ഞുറഞ്ഞു മരിച്ച കിനാവുകൾ ......
നീലരാവിൽ നിലാവിന്റെ കുന്നിൽനിന്നോ
ർമ്മ തൻ കുന്നിമണികളുരുളുന്നതും
ചിന്തതൻ വക്കുരഞ്ഞു നീർ പെയ്യവേ
ഞാൻ മഴയിലലിഞ്ഞു പോകുന്നതും......


വായനക്കാരാ...
നിങ്ങളെന്നെ വായിക്കവേ
കാലം നിമിഷമായ് നിഴലറ്റു വീഴവേ
നീണ്ടുവരുന്നൊരു പ്രാണന്റെ ചില്ല..
വെടിമരുന്നറപോൽ
ഭയാനകമാം മൌനം...

.ദാഹമേ....
നിശ്വാസങ്ങളുടെ നേർത്ത
കാറ്റിനാൽ,എന്നെ
പൊതിഞ്ഞുപിടിക്കുമ്പോഴും
ഒച്ചിനെപ്പോലെയിഴയുന്നുണ്ട്,
ഒച്ചയില്ലാത്തൊരു തേടലിൽ,
വിരൽത്തുമ്പിലൊരാ‍യിരം തിരകൾ..
പൊള്ളിപ്പൊങ്ങുന്നൊരുവൾക്കുള്ളിൽ,
വിരസതയുടെ വേനൽക്കാടുകൾ ...

വായനക്കാരാ...
അരികിലേക്കണയുക,
ഒരു ഇലയനക്കമോ
ഇമയനക്കമോ കൊണ്ടെൻ
മുറിവുകൾ തോറും നിൻ
കരൾ ചേർക്കുക......
തിരിച്ചറിയപ്പെടാത്തൊരായിരം
നിലവിളികളിലേക്കുനിൻ കണ്ണ് ചിമ്മിതുറക്കുക...
ഒരു മരം തനിക്കുനേരെ വരുന്ന
ഏതു ചെടിയേയും ഏറ്റം സ്നേഹത്തോടെ
ആലിംഗനം ചെയ്യുമ്പോലെ....
ഒരു ഇലയനക്കമോ
ഇമയനക്കമോ കൊണ്ട്
എന്റെ കരളിലേക്ക് കത്തിയാഴ്ത്തുക.....
.മുറിവുകൾ തോറും അമർത്തി ചുംബിക്കുക....

വായനക്കാരാ
പ്രതീക്ഷതൻ കൊമ്പിലേക്കേതു
വാക്കിന്റെ കണ്ണുപൊട്ടുമ്പോഴും
പൊന്നുകാച്ചിതരുന്നൂ കിനാവുകൾ.
.ഒന്നുമില്ലെന്നറികെയുൾകാമ്പിലൊരു
പോരിന്റെ കൊമ്പുയിർകൊള്ളുന്നുവെങ്കിലും
ഏതോ കിളിച്ചുണ്ടുരഞ്ഞുപൊട്ടുന്നുണ്ട്
നേർത്തസീൽക്കാരതുരുത്തിലെത്തുമ്പോഴും.........

നാടുകടത്തപ്പെടുന്നുണ്ട് ചിലപ്പൊഴെങ്കിലും...


നാടുകടത്തപ്പെടുന്നുണ്ട് ചിലതെല്ലാം.......
ഒരു ഒച്ചയെ മറ്റൊരു ഒച്ച കൊണ്ടോ
ഒരു നിഴലിനെ മറ്റൊരു നിഴലുകൊണ്ടോ
കുത്തിപ്പൊളിക്കും പോലെ നിശബ്ദവും
ഏകാഗ്രവുമായി ...
പലകാലങ്ങളിൽ പലദേശങ്ങളിൽ
പ്രവാസപ്പെട്ടവരുടെ ഓർമ്മകൾ പോലെ
ചങ്കുകത്തി തൂവിപ്പോകുന്ന ഒരു മിന്നൽ..
ഒരു ഭൂമിയെ പലരൂപങ്ങളിൽ
ദർശിക്കാനാണ് ഞാൻ
പശുവായും കോഴിയായും ഉരഗമായും....
എന്നിട്ടും നിങ്ങളുടെ കൊടിനിറങ്ങൾ
വരച്ചുചേർക്കുന്നുണ്ടെന്റെ ഭൂപടങ്ങൾ...
എഴുതിച്ചേർക്കുന്നു വേരുകൾ
പിരിയുമ്പോഴും ജലപാളികളിൽ
ഒരു ഹുങ്കാരം..


കടലാസുപൂവുകളുടെ മണമറ്റ
നിശ്ചലതയിലേക്ക്
ആരുടെയൊക്കെയോ
മണമൂറുന്ന ഓർമ്മ പകർത്തി
കലണ്ടറിന്റെ കള്ളികളിലേക്ക്
കുടിയിരിക്കുന്നു ചില നിറങ്ങൾ....
ഒരു ബോധം കൊണ്ട് പലബോധങ്ങളെ
പിരിച്ചെഴുതുന്നുണ്ട് നിലാവും നിശയും.

വാവു തോറും പെരുമ്പറകൊട്ടി
അടങ്ങുന്നുണ്ട് നെഞ്ചിൽ
കാമത്തിന്റെ കനലുകൾ.....
ഉണങ്ങാത്ത എന്റെ മുറിവുകളിലേക്ക്
ഒരു കത്തിമുന നീണ്ടുവരുവോളം......
നിന്റെ കാല്പടങ്ങളിൽ എന്റെ കലകൾ
പ്രണയനീലം പതിക്കുവോളം.....

തലകീഴായി കിടക്കുമ്പോഴാണ്
ഞാൻ മനുഷ്യനെ കണ്ടെത്തുന്നത്..
രണ്ടുമരങ്ങൾക്കിടയിൽ
ചേർത്തുകെട്ടി കുരുതിയാകുമ്പോഴാണ്
ഞാൻ മനുഷ്യനും നീ മ്യഗവും ആകുന്നത്..
എന്റെ പത്തിയിൽ നീ ആഞ്ഞുകൊത്തുമ്പോഴാണ്
നമ്മൾ ഉരഗങ്ങളാവുന്നത്..
അപ്പോൾ മാത്രമാണ് നമ്മൾ
ഒന്നാകുന്നത്..
പേരുകൾ തമ്മിൽ പുണരുന്നത്....
വേരുകൾ ആഴങ്ങളിലേക്കു വിരൽ
പിണയുന്നത്.....

......ഉന്മാദങ്ങളിൽ വെളിപ്പെടുന്നത്....


തിടുക്കത്തിൽ പുറത്തുവന്നു
കുടനീർത്തിയ ഒരു പകൽ
യാത്രയ്ക്കിടയിലെപ്പോഴോ
അകാലചരമപ്പെടുന്നു....
നഗരജീവിതത്തിന്റെ
കൊഴുകൊഴുത്ത ലാവയിൽ
ഉടലുകളുടെ തോറ്റം പാട്ട്
ഉടഞ്ഞുപോകുന്നു..
തോളിൽ തട്ടിയുഴിയുന്ന
കാറ്റിന്റെ വിരൽതുമ്പുകൾ
ഏതോ ആഴങ്ങളിൽ വച്ച്
പിരിഞ്ഞുപോകുന്നു..


ആസ്വാദനങ്ങളുടെ
അത്താഴ മേശയിൽ
വിളമ്പിവച്ചിട്ടുണ്ടൊരു
മനസ്സിനെ...
ഉടൽമിനുപ്പുകളുടെ
കടലുപ്പിനൊപ്പം...
നിഗൂഡമായ ഏതോ
താളത്തിൽ പ്രണയനാഗങ്ങൾ
പുളയുമ്പോൾ
എനിക്കും മുമ്പേ എത്തുന്നുണ്ട്
നീ കരിന്തേളുകളുടെ കടവിൽ...
നിശബ്ദതയിലേക്ക് എന്റെ
ശബ്ദത്തെ വലിച്ചു
കെട്ടി വെയിൽ കായുന്നു
അപ്പോഴുമൊരാൾ....

പകലിനെ രാത്രിയോടും
ഉദയത്തെ അസ്തമയത്തോടും
ഉന്മാദത്തെ നിസംഗതയോടും
ചേർത്തു കെട്ടി
കുതിരമുഖമുള്ള ഒരാൾ
ഇരുൾനിറത്തിലേക്ക്
വെളിച്ചപ്പെടുന്നു..
പുറപ്പെടുന്നുണ്ടിപ്പോൾ
ഉയിർവിടവുകളിലൂടെ
ശൂന്യതയിലേക്കൊരു കിനാവള്ളി .....
ഏകാന്തതയുടെ ചിറകുകൾ
ചേർത്തു തുന്നിയ വർണ്ണമിനുപ്പുകളിൽ
എഴുതിവയ്ക്കുന്നു
പരുക്കൻ പ്രതലങ്ങളാലാർജ്ജിച്ച
ഉള്ളിലെ പച്ചോലവിരിപ്പ്......

മുട്ടിയുരുമ്മലുകളുടെ രസതന്ത്രമോ
നോട്ടങ്ങളുടെ നാനാർഥമോ
തിരയാത്തൊരിടത്തേക്ക്
സ്വപ്നങ്ങളെ ഒളിച്ചുകടത്തുന്ന
തിരക്കിലാണിപ്പോൾ.....
നിന്റേതെന്നു ഒറ്റവാക്കിൽ
അടയാളപ്പെടുത്തുമ്പോഴും
വേറെന്തൊക്കെയോ കൂടിയാണ് ഞാൻ....

Saturday, March 14, 2015

....പെണ്മ...

വേലിയ്ക്കൽ വന്നു വിളിക്കുന്നു വേനൽ
നീറുമോർമ്മതിരികൾ കൊളുത്തി
അഭയമറ്റൊരു പെണ്ണോർമ്മ തെരുവിൽ
ഒരു ദിനംകൊണ്ട് ‘നിർഭയ”യാകെ
ഏതു ദാഹാർത്തനിമിഷത്തിന്റെ
കണ്ണുകൾ കൊത്തിപ്പറിക്കുന്നു
പിന്നെയും പെണ്ണൂടൽ..


എങ്ങു വന്നെത്തി നിൽക്കുന്നു,വി,
ന്നീ മണ്ണിൻ മോഹക്കുരുപ്പുകൾ,
,ദീനം ഒരു വിലാപം മുഴങ്ങവേ,
മർത്യാ നീയറിയുമോ
പെണ്മ തന്നുയിർതാളം....
ദാഹനീരാണിവൾ ഭൂമിദേവി..,
മോഹകാരിണിയാം മഹാമായ.,.
ജന്മകാരിണിയാം ജഗദംബ,
പെണ്ണുയിരിൽ തിളയ്ക്കുന്നു താളം....

നീലരാവിൻ നിലാവു വകഞ്ഞ്,
താരകങ്ങൾക്ക് താരാ‍ട്ടുപാടി
ഉള്ളിലേക്കുകിനിഞ്ഞിറങ്ങുന്നു
നിന്നിൽ പടരുവാൻ സ്നേഹാർദ്രധാര..
ജീവകോശങ്ങളോരോന്നിലും നിൻ
പേരൊരായിരം വട്ടം പതിപ്പോൾക്ക-
റ്റുപോകുന്നു ജീവിതം,കാൺകെ
പുശ്ചമോടെ ചിരിക്കുന്നുവോ നീ..

അമ്മ,പെങ്ങൾ,കിനാസഖി,ഭാര്യ
അരുമയാമൊരു ഓമൽക്കിടാവ്,
അവരെയെല്ലാം ഞെരിക്കുന്ന ക്രൌര്യം
നിന്നിലെ മ്രഗത്രിഷ്ണ പ്രയാണം..
അധരവ്യാപ്തിയളക്കുവാൻ പെണ്ണിൻ
ഉടലളവിൽ കുരുങ്ങിപറിയാൻ
ഇനിയുമെന്തെ ഒരു നീചജന്മ
ചുടലയിൽ നീ ചുവടുവെയ്ക്കുന്നു..

എവിടെയാണിവൾ അബലയല്ലെ,ന്നാൽ
എവിടെയാണിന്നീ അമ്മക്കിനാവ്..
എവിടെയാണിനി നേരിന്റെ നോട്ടം
എവിടെയാണിന്നീ പെണ്ണുയിർ താളം...

ഏകാന്തതയുടെ അല്ലെങ്കിൽ വെളിച്ചത്തിന്റെ തുരംഗങ്ങൾ........


പരിചയമുണ്ട്,
ജന്മങ്ങൾക്കിടയിലെവിടെയൊ
രൂപപ്പെട്ട ഇടനാഴികളിൽ
ചിരിയുലഞ്ഞുരഞ്ഞു
മിഴിനീർചൊരിഞ്ഞ ഒരു സന്ധ്യ....
ഒന്നിച്ചൊരു കിനാവിന്റെ
കടലിലേക്ക് അറിയാതെ അറ്റുപോയത്...
ഉണ്ടത്, ഉറങ്ങിയത്,
നിഴലിനോട് പടവെട്ടിയതും,
ഉഷ്ണസ്വപ്നങ്ങളായിണചേർന്നുരുകിയതും.....
പരിചയമുണ്ട്..
നിന്റെ അറിവില്ലായ്മകളെയും
അസ്വസ്തതകളെയും....
നിന്റെ ഉമ്മ മണക്കുന്ന പൂവുകളെ,
വിരഹത്തിന്റെ നിഴലിനെ,
മരണത്തിന്റെ മണമുള്ള എന്റെ-
ഏകാന്തതകളിൽ ചതുരങ്ങളും
സമചതുരങ്ങളുമായി നീ മുറിച്ചു വിളമ്പിയ
ഇരുട്ടിനെ...
എൽ .ഇ ഡി ലാമ്പുകളുടെ വിളറിയ
ചിരിയിലേക്ക് പരിണമിച്ചിരുന്ന
കറുപ്പിന്റെ കനലുകളെ...
എങ്കിലും ഏകാന്തതയിൽ
ഇരുട്ടിന്റെ സാധ്യതകളിലേക്ക്
പറിച്ചുനടുന്നുണ്ട് ഞാനിപ്പോഴും
വെളിച്ചത്തിന്റെ വെള്ളാനകളെ.....
.
പരിചയമുണ്ട്..
നീയും ഞാനും ഉണ്ടായിരുന്നില്ലെന്ന സത്യത്തെ...
കണ്ടിട്ടേയില്ലെന്ന ആഭാസത്തെ.....
ഒടുങ്ങിപ്പോയെന്ന കള്ളത്തിനെ......
എന്നിട്ടും ആത്മാവിഷ്ക്കാരങ്ങളുടെ
വിരൽതുമ്പുകൾ വന്നു തൊടുന്നുണ്ട്,
ഇപ്പോഴും ഇരുളിലേക്ക് തുറക്കുന്ന
എന്റെ വെളിച്ചത്തിന്റെ തുരംഗങ്ങളെ.

Wednesday, March 11, 2015

ദേശാടനപക്ഷികൾ..


സ്വപ്നത്തിന്റെ കരകളിടിഞ്ഞ്
ഉടൽ മണ്ണ് പൊതിയും മുമ്പ്
തന്നു തീർക്കണം
കരുതിവെച്ചതെല്ലാം..
നീലരാവിന്റെ തൂലികയാൽ
നിലാവിന്റെ ധവളപത്രത്തിൽ
നിനക്കായി എഴുതുന്നുണ്ട്
ഒരു പ്രണയലേഖനം..


നിരാലംബമായ നോട്ടങ്ങളുടെ
മുനയിൽ കുരുങ്ങുമ്പോഴും
പ്രണയമേ,
കുതിക്കുകയാണ്
നിന്നിലേക്കെന്റെ കടൽ...

കരകളിടിഞ്ഞ് മണ്ണുടലായി
മദപ്പാടുകൾ മായും വരെ
ഇഴുകിയൊഴുകണം,
ഇണചേർന്നുടയണം,
അറിവിലേക്കും പിഞ്ചും-
കിനാവിലേക്കും..
ജാലകത്തിനപ്പുറം ഇരുളിലേക്ക്
തേഞ്ഞുപോകുന്നു,
മിന്നൽ മുഖമുള്ളൊരു
മഴനൂൽകിനാവ്..

താഴ് വാരങ്ങളിൽ ചാറ്റൽമഴ
പെയ്യുമ്പോൾ കറുത്തിരുണ്ട
ആകാശമേഘങ്ങളിലേക്ക്
പകർത്തിയെഴുതണം
നിലവിളിക്കൊതുമ്പുകളിൽ
മുമ്പേ പോയ രഹസ്യങ്ങൾ..

നമ്മൾ ദേശാടനപക്ഷികൾ
കണ്ണീരാൽ വിണ്ടുപോകുന്ന
ഒരു ദിനം,
എപ്പോൾ വേണമെങ്കിലും
പിരിഞ്ഞുപോയേക്കാം.

Monday, February 23, 2015

ഉപ്പുറയുന്ന സമുദ്രങ്ങൾ


“ഞാൻ “ഒരുവാക്ക്.....
കാലഹരണപ്പെടാത്ത
ഏതോ നിമിഷത്തിന്
ചുങ്കം കിട്ടിയത്......
ഉപ്പുറഞ്ഞ നമ്മുടെ
സ്നേഹദൂരങ്ങൾ
ഏതൊക്കെയോ സാഹസികർ
നീന്തിക്കടന്നിരിക്കുന്നു.....
വിയർപ്പിന്റെ മോഹസമുദ്രങ്ങളിലും
കണ്ണീരിന്റെ ഉപ്പുപരലുകൾ.....

വാക്കുകൾ തിങ്ങിഞെരുങ്ങിയ
ഈ വാഹനത്തിൽ
എനിക്ക്“ ഞാൻ “
കളവുപോയിരിക്കുന്നു..
കല്ലുവെച്ച നുണകളെ
വേണം ഇനി പ്രണയിക്കാൻ.
മഴവില്ലോ മയിൽ പീലിയോ
സൂര്യനോ ചന്ദ്രനോ
ത്രസിപ്പിക്കാത്ത
അറവുമാടുകളുടെ
ആത്മനൊമ്പരം മാത്രമൊഴുകുന്ന
ഈ രാത്രിയുടെ മുറ്റത്ത്
നമുക്കിനി പടം പൊഴിച്ചുകിടക്കാം....

ഇപ്പോൾ ഇവിടെ ഞാനോ നീയോ ഇല്ല..
ഉപ്പുറയുന്ന രണ്ട് ജന്മങ്ങളും അതിനിടയിലെ
ചില നിമിഷമിടിപ്പുകളും മാത്രം...

Tuesday, February 17, 2015

ചില നേരുകളും നുണകളും...

സ്വപ്നങ്ങളുടെപണിപ്പുരയിൽ വിശ്രമമില്ലാതെ അലഞ്ഞൊരാൾ
സൂര്യൻ പ്രകാശിക്കാത്തൊരു പകലിൽ
ഒരു മുഴം കയറിൽ അസ്തമിച്ചുപോകുന്നു..
ഇലഞ്ഞിത്തറയിൽ മണ്ണപ്പം ചുട്ടു
കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക്
ദൈവവിളിയുണ്ടായി എങ്ങോട്ടേക്കോ
ഓടിപ്പോകുന്നു..


എന്റെ സ്വപ്നമേ... ആഴമസ്തമിച്ചുപോയ
ഏതോനിമിഷത്തിൽ നാം തമ്മിൽ പുണർന്നിട്ടുണ്ട്
അതുകൊണ്ടാവാം വിലാപങ്ങളുടെ
ഒഴുക്കിലും പൊന്തിക്കിടക്കുന്നൂ
പാതിയുടഞ്ഞ ഉമ്മകൾ.....

അയല്പക്കത്തെ ജനാലയിലൂടെ ഒരുവൻ
ഭാര്യയുടെ സൌന്ദര്യം കണ്ടെത്തുമ്പോൾ
അടഞ്ഞമുറിയിൽ ശ്വാസം മുട്ടി വിങ്ങുന്നുണ്ട്
സ്വയംഭോഗം ചെയ്തുമടുത്ത ഇരുട്ട്.....

വികാരവിവശനായി കാറ്റിനെ
വട്ടം പിടിക്കുന്നു,
ഉഷ്ണമൊലിക്കുമൊരു നട്ടുച്ച...
നിലയ്ക്കാത്ത ഒഴുക്കിലാണ്ട്
അഴിഞ്ഞുപോയ അഴിമുഖങ്ങളിൽ
പിന്നെയും വാത്സല്യം പതിക്കുന്നുണ്ട് തിരകൾ...

ആത്മഹത്യാകുറിപ്പെഴുതാതെ മരിച്ചുപോയ
ഒരു കിനാവിന്റെ അടക്കം കഴിഞ്ഞ്
സെമിത്തേരിയിൽ നിന്നും ആളൊഴിഞ്ഞുപോകുന്ന
സന്ധ്യയിൽ പോസ്റ്റ്മോർട്ടം റ്റേബിളിൽ
പല്ലിളിച്ചുകിടക്കുന്നു ചില നേരുകൾ...

Friday, February 13, 2015

ചുംബനങ്ങളുടെ ഒരു നദി...


ചുംബനങ്ങളുടെ ഈ ചന്തയിൽ വച്ച്
വിടപറയുന്നുണ്ട് നമ്മളിലൊരാൾ..
നിനക്ക് തന്ന ഒറ്റചുംബനത്തിന്റെ
നിലാവിലാണ് ഞാൻ ഇറങ്ങിനടന്നത്..
സ്നേഹിക്കുന്നുവെന്നും,

 വെറുക്കുന്നുവെന്നും,
എത്രയോവട്ടം ചുംബനങ്ങൾ
സാക്ഷ്യപ്പെടുത്തിയിട്ടും,
നിന്നിൽ നിന്നും എന്നിലേക്കും,
എന്നിൽ നിന്നും നിന്നിലേക്കും,
കൂട്ടം തെറ്റിപായുന്നുണ്ട്,

ഇപ്പോഴും ചില ഉറവകൾ.......


ചുംബനങ്ങളുടെ ഈ ചന്തയിൽ വച്ച്
അഴുകിച്ചേരുന്നുണ്ട് ചില ഓർമ്മകൾ...
വിടപറയാതെ പിരിയുന്നുണ്ട് ,
ഉള്ളാഴങ്ങളെ മുറിച്ചു കൊണ്ടൊരരുവി...

യാത്രാമൊഴികളുടെ കടവാവലുകൾ-
നിന്നിൽ ചിറകടിച്ചേക്കില്ല,
എങ്കിലും  എനിക്കറിയാം,
  നീ ഇനിമേൽ ഉടമ-
പിരിഞ്ഞുപോയ വീട്ടിലെ
 ഒറ്റയ്ക്കലയുന്ന നിശ്വാസം
മാത്രമായിരിക്കുമെന്ന്....


കൊഴിഞ്ഞുപോകുന്ന നിമിഷങ്ങളുടെ
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിലേക്ക്
ഇതാ, ചുംബനങ്ങളുടെ ഒരു നദികൂടി
വിലയം പ്രാപിക്കുന്നു.....

മുറിവുകൾ...

പകലിന്റെ ചോരപോലെ
കറുത്തുറഞ്ഞ ഇരുട്ടിൽ നിന്റെ
ഓർമ്മകളും തെരുപ്പിടിച്ചു ഞാൻ..
തിരിച്ചറിഞ്ഞേക്കില്ല നാളെ
പകലിന്റെ കാവൽ കുതിരകൾ
പൊഴിഞ്ഞുപോയ കിനാക്കളെയും, എന്നെയും....
എങ്കിലും ഞാൻ ,, നീ എന്നുറക്കെ ജപിക്കുന്നുണ്ട്,
അതിരുകളറിയാത്ത തിരമാലകൾ...
ഒഴുകിവരുന്നുണ്ട് മോഹങ്ങളുടെ പൂവുകൾ,
വിടരും മുൻപേ കൊഴിഞ്ഞവ...
കുത്തിക്കുറിക്കുന്നുണ്ട് മൌനത്തിന്റെ
വേനലിൽ ചുട്ടെടുത്ത നോവുകൾ..
ഉണങ്ങാനിട്ടിരിക്കുന്നു മുറിവുകൾ
ശൂന്യതയുടെ നിശാവസ്ത്രത്തിനുമേൽ...
കറുപ്പണിഞ്ഞ് ഒരുങ്ങുന്നുണ്ടൊരുവൾ
പകലൊടുങ്ങുമ്പോൾ...

കുറച്ചുനേരം മാത്രം ക്ഷമിക്കുക..
നക്ഷത്രങ്ങളാൽ വിതാനിച്ച നിലാവിന്റെ
മഞ്ചത്തിലാണ് അവൾക്ക് നിദ്ര....
കാത്തിരിക്കുന്നുണ്ടൊരാൾ അവളെയും
കരളാകെ കിനാവുമായ്...
അവർ ചേർന്നുറങ്ങുമ്പോൾ വീണ്ടും
തിരയാം തിരയൊടുങ്ങാത്ത കടലുകൾ...
ഒടുവിൽ...
ഒന്നോ രണ്ടോ എങ്കിലും
തിരിച്ചുകിട്ടിയേക്കാം...
ഒപ്പം മുറിയുംതോറും
മുറികൂടുന്നൊരു മനസ്സും...

വീ‍ട്...


മോഹത്തിന്റെ തെരുവുകളിൽ
ഒറ്റപ്പെടലിന്റെ കണ്ണീരുറവുകൾ
ഒലിച്ചിറങ്ങും മുമ്പേ
ചുംബിച്ചെടുത്തിടം..
അക്ഷരങ്ങൾക്ക് മേൽ
ചിറകുവീശി പറക്കാൻ
കിനാ‍വുകളുടെ കണക്കുപുസ്തകം
കടം തന്നിടം.
മഴവില്ലും മയിൽ പീലിയും
കൈമോശം വന്നിട്ടും
ആകാശത്തിന്റെ നീലിമ
പകരം വച്ചിടം...
ഒറ്റവാക്കിൽ ഉടഞ്ഞുപോകേണ്ട
ഞാൻ എന്ന കിനാവിനെ
നിലാവുകളുടെ നിശാസ്വപ്നങ്ങളിലേക്ക്
പരിഭാഷപ്പെടുത്തുന്നവൾ..
എനിക്കെന്നും നിനക്കെന്നുമില്ലാതെ
പകലിരവുകളുടെ നിശബ്ദസംഗീതം
പകർന്നുതന്നിടം..


മുറിവുകളിലേക്ക് അമർത്തിചുംബിക്കുമ്പോൾ,
ഒറ്റയ്ക്കായിപോയൊരുവളുടെ-
ആത്മാവുകീറി പുറപ്പെടുന്നുണ്ട്,
നിശ്വാസങ്ങളുടെ കൂ‍ൂറ്റൻ തിരമാലകൾ...
  എന്നിട്ടും...
സുഷുപ്തിയിലേക്ക് വിരൽ പിടിച്ചു നടത്തുന്നുണ്ട്,
എന്റേതുമാത്രമെന്ന് പകർത്തിയെഴുതുന്നുണ്ട്,
ന്യായാന്യായങ്ങളുടെ കണക്കെടുക്കാതെ,
ഏറ്റവും നിശബ്ദമായി.... നിഗൂഡമായി...

Thursday, January 29, 2015

സ്വപ്നത്തിലേക്ക്....

അടയാളങ്ങൾ നഷ്ടപ്പെട്ട്
തെരുവിലേകനായൊരാൾ
ഇന്നലെ രാത്രിസ്വപ്നത്തി‌--
ലെന്നോടൊപ്പം......
അടഞ്ഞ മിഴികൾക്കിരു-
പുറവും ഇരുട്ടുചിലമ്പിച്ച-
നിമിഷമാത്രയിൽ-
ഒരായിരം ജന്മങ്ങൾ താണ്ടി,
കുളിർന്നു വീണ്ടും...
നിലവിളികളുടെ നിശബ്ദത നീന്തി...
ഇനിയൊരിക്കൽ കൂടി യാത്ര പോകണം,
അയാളോടൊപ്പം....
ശബ്ദങ്ങൾക്കും തൊടാ‍നാവാത്ത
സ്വപ്നത്തിലേക്ക്........

Friday, January 23, 2015

രാമായണം കഥ..

പഞ്ഞ കർക്കിടകത്തിന്റെ
തെക്കേമൂലയിൽ
കുന്തിച്ചിരുപ്പുണ്ടേതോ
മുത്തശ്ശിപ്പാട്ട്...
പിറുപിറുക്കുന്നുണ്ട്
പങ്കിടാനാവാത്ത
പ്രാണസങ്കടങ്ങൾ
രാമായണം പോൽ...
രാമനെ,സീതയെ
 ലക്ഷ്മണകുമാരനെ
കാന്തനെ കാത്തോരൂ--
 കാമിനീ മുല്ലയെ...
ആരെകുറിച്ചിനി പാടാൻ
കിനാക്കളിൽ രാവണദുഖം
പതഞ്ഞൊഴുകീടവേ...
അമ്മതൻ നെഞ്ചിൻ
 നിലാവായൂർജ്ജമായ്
 ഉണ്ണി നീ എന്നിൽ ഉണർന്നു
  യിർക്കൊള്ളവേ...
കണ്ടില്ല ഞാനെൻ കിനാക്കളിൽ
ഓമനേ അഗതിമന്ദിരത്തിൻ
ഇരുളും വിശാലത...
  കർക്കിടകത്തിന്റെ കോലയിൽ
കുന്തിച്ചു ഞാനിരിന്നെണ്ണുന്നു
രാമായണം കഥ...
എന്റെ കരളിലെ ശാരികപൈങ്കിളി
എന്നേ പിരിഞ്ഞുപോയെങ്കിലും
പിന്നെയും....

മുറിഞ്ഞ ചിന്തകൾ...

 മോഹങ്ങളുടെ  ഒറ്റമുറി‌‌‌,
അംഗഭംഗം വന്ന കിനാവുകൾ
കലഹിക്കുന്നുണ്ടവിടെ..
പ്രണയിക്കാനറിയാത്തവരുടെ
ആത്മാവുകളിൽ
കുരിശിലേറ്റപ്പെട്ടവൻ..
ഉയിർത്തെണീക്കുകയില്ലിനി...
ഇടയ്ക്കിടെ മുറിഞ്ഞ തിരകൾ പോലെ
ഉറക്കമില്ലാത്ത രാവുകൾ..
ബാക്കിയില്ലാത്ത റിതുക്കൾക്കുവേണ്ടി
തളിരണിയുന്നുണ്ട് കിനാവുകൾ...
ഇപ്പോഴും....
നിനക്കും എനിക്കും ഇടയിൽ
പടം പൊഴിച്ചു കിടപ്പുണ്ട്
വിശുദ്ധീകരിക്കപ്പെട്ട പ്രണയം...