Tuesday, October 20, 2009

പറയാതെ പോയത്

നിന്നോടു പറയാനുള്ളതുകൂടി
എന്നോട് പറഞ്ഞ് പറഞ്ഞു
ഞാൻ മടുത്തു.
നിന്നെക്കാണുമ്പോഴൊക്കെ
‘പറയൂ’ എന്നൊരു കാറ്റ് നെഞ്ചിൽ
പിടയാറുണ്ട്.
മരണം എന്ന മൌനം ചുണ്ടുകൾക്ക്
മുദ്രവെക്കും വരെ
തന്നോടു തന്നെ പറഞ്ഞുപറഞ്ഞ്
പിഞ്ഞിക്കീറിയ ചേമ്പിലത്താളുപോലെ.....
രാവും പകലുമില്ലാതെ ഞാൻ പെറ്റു കൂട്ടിയ
മയിൽ പീലിത്തുണ്ടുകൾ മുഴുവൻ തന്നിട്ടും
നീ പകരം വെച്ചത്
വിരൽ ചതഞ്ഞ ഒരു മേഘക്കീറ്....
കാറ്റു വീശി നനഞ്ഞ മനസും
വെയിൽ വീണു കരിഞ്ഞ ജീവിതവും
ബാക്കിയാക്കി ഞാൻ മടങ്ങുമ്പോൾ
നിന്റെ തുടുത്ത കവിളിൽ വിരലാൽ വരഞ്ഞുപോയത്
പറയാൻ കൊതിച്ചിട്ടും കഴിയാതെ പോയ എന്റെ ഹൃദയം.
തളർന്ന ചില്ലയിൽ വിടർന്ന പൂവുപോലെ
ഒരു കണ്ണീർച്ചിരി എന്നെ വളഞ്ഞു പിടിക്കുന്നു.
നീ എന്നെയും ഞാൻ നിന്നെയും
പകർത്തിക്കഴിയും വരെ.........
അതുവരെ മാത്രം നമുക്കു ജീവിതം.

Sunday, October 18, 2009

ബോധിവൃക്ഷത്തണലിൽ

കാറ്റു തുഴഞ്ഞു ഞാൻ വരുന്നുണ്ട്
നിന്റെ ബോധിവൃക്ഷത്തണലിലേക്ക്...
നിന്റെ മിഴികളിലെ വെളിച്ചം
ഇനിമേൽ വഴി കാട്ടുമെന്ന്...
അതിന്റെ ഇരുളുപറ്റി നടക്കാൻ പടിക്കണമെന്ന്...
ഉറക്കം ഞെട്ടുന്ന കിനാവായിവന്നു
എന്റെ നിഴൽ ഒളിപ്പിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ല.
അമ്മാവിപ്പോരുസഹിയാതെ
തൂങ്ങി മരിച്ച പെണ്ണിനെയല്ലാതെ,
കിടക്കയുടെ അടിയിൽ ജാരനെ
സൂക്ഷിക്കുന്ന അനുജത്തിയെയല്ലാതെ,
നാല്പതുപേർ ചേർന്നു പിച്ചിച്ചീന്തിയ
സ്ത്രീത്വമല്ലാതെ,
അമ്മയുടെ വിവാഹത്തിന് ഉപ്പു വിളമ്പുന്ന
മകനെയല്ലാതെ,
ട്രെയിനിനു മുൻപിൽ ചതഞു തെറിച്ച
കൂട്ടുകാരിയെയല്ലാതെ,
മറ്റൊരുവളുടെ ഹൃദയം തേടുന്ന
ഭർത്താവിനെയല്ലാതെ....
എന്നിട്ടും ബോധിവൃക്ഷ തണലിലേക്ക്
എന്നെ നയിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ലല്ലോ...!

കാറ്റെടുത്തുപോയ കിനാക്കളുടെ പൊരുളും തേടി
ഞാൻ വരുമ്പോൾ
നിന്റെ ബോധിവൃക്ഷത്തണലിൽ
എന്താണുള്ളത്?
കടലോളം കനൽ തിളയ്ക്കുന്ന
നെഞ്ചും പൊത്തിപ്പിടിച്ച്
പുറം തിരിഞ്ഞ് നിൽക്കുന്ന നീ മാത്രം.
നിന്റെ നോവ് എന്നിൽ വീണുരുകുമ്പോൾ
എന്നെ വഴിയിലുപേക്ഷിച്ച് വീണ്ടും നീ
മറ്റൊരു ബോധിവൃക്ഷത്തിന്റെ തണൽ തേടി..!