Sunday, August 10, 2008

ചിതകടക്കാതെ

മരിച്ച മോഹത്തിൻ ചിതകടക്കാതെ

വിറച്ചുതുള്ളുമെൻ ഭ്രാന്തൻ കിനാക്കളെ

തിരിച്ചുനൽകുക,കടത്തുവഞ്ചിയിൽ

ഒറ്റക്കു തന്നെ ഞാൻ തുഴഞ്ഞു പൊയ്ക്കൊള്ളാം

മിഴിച്ചകണ്ണുമായ്‌ വഴിയിടങ്ങളിൽ

പകച്ചുനിൽക്കുമെൻ വർണ്ണങ്ങളേ

വരുതിരികെപൊയിടാം .

കനത്ത സ്വപ്നങ്ങൾ കരളിൽ തെണ്ടുന്നു

കണ്ണുനീർ പൊയ്കയിൽ ബലികഴിക്കുന്നു

ഇടവമാടി തിമിർക്കുന്നു മിഴികളിൽ

മൊഴികളിൽ ഇരുൾ പതറുന്നു, നാവിൻ

രുചിഭേദങ്ങളെ തിരിച്ചറിയാതെ

തളരുകയായി,തകർന്ന തമ്പുരു

മടിയിൽ വെച്ചു ഞാൻ ശ്രുതികൾ മീട്ടുന്നു.

പനിച്ചുതുള്ളുമെൻ പ്രാണനിൽ പ്രണയത്തിൻ

ഒരു തിരി കൊളുത്തീടുവാനിന്നലെ

കടന്നു വന്നതാർ,അവരുടെ വഴി

എനിക്കു മുൻപിലൊ,പിൻപിലൊ,ഒപ്പമൊ!

അറിഞ്ഞ നേരിനാൽ കുറിച്ചു ഞാനെന്റെ

കരളിൽ വിങ്ങും കിനാവിന്റെ അക്ഷരം

പറിച്ചു ഞാനതിൻ കറുത്ത മൂടികൾ

തെറിച്ചു വീഴുന്നു കയ്ക്കും നേരുകൾ

ചുമച്ചു തുപ്പുന്നു പഴുത്തനൊമ്പരം പ

ഴിച്ച നാവുകൾ തളരുന്നു വീണ്ടും

വരികളായി ഞാൻ വലിച്ചെറിഞ്ഞൊരാ

കറുത്ത അക്ഷരം തുടിച്ചുയരുന്നു

തകർന്ന തമ്പുരു മടിയിൽ വെച്ചു ഞാൻ

ഇരിക്കുന്നു വീണ്ടും,പടി കടക്കുവാനാകാതെ

തേങ്ങുമെൻ കിനാക്കളെ വരൂ

പകുതിയിൽ വച്ചു പടിയിറങ്ങിടാം

Wednesday, July 30, 2008

നക്ഷത്ര ഗീതകം

ഒറ്റക്കണ്ണു തിരുമ്മികൊണ്ട്‌-
ചുണ്ടിൽ വിളറിയപുഞ്ചിരിയോടെ
ഏതൊ വിരഹിണി, വ്യഥയുടെ
രാവിന്നറുതി കൊതിച്ചു വരുന്നതുപൊലെ
നിത്യനഭസിൽ നിൽക്കുകയാണീ നക്ഷത്രം
ദൂരെ കാനന കന്യക രാവിൻ
വാതിൽ പടിയിൽ കാവലിരുന്നൊരു
വ്യഥിതനിലാവിൻ നെഞ്ചിന്നുള്ളിൽ
മന്മദകാവ്യം കോറിരസിച്ചേൻ!
അഴലിന്നാഴകടലുകൽ നീന്തി
കുളിരുറയുന്നൊരു തീരമണഞ്ഞ്‌
പുലരിചിരിക്കും യാമം കാത്ത്‌
ധ്യാനം കൊള്ളുകയാണീ താരം,
മോഹമനോഹരയാമം പോയി
ഗതകാലത്തിൻ സ്മരണകൾ കരളിൽ
തരിവള ചിതറി,പുഞ്ചിരിയേകി
പരിഭവമിഴിനീർ തൂകി ചുണ്ടിൽ
വേപത്തിൻ മൃദു കമ്പനമായി
കാഞ്ചന വെയിലിന്നഴകിൽ നമ്മൾ
സ്വപനം കണ്ടു പറന്നു നടന്നൊരു
നാളുകളെന്നോ പോയി മറഞ്ഞേൻ!
കാലത്തിൻ വിരൽത്തുമ്പേറ്റയ്യൊ
താരകൾ തന്നുടെ സ്വപ്നം പിടയെ
വാതിലിനോരം ചാരി വാനിൽ
വാർമതി വീണ്ടും നിന്നു ചിരിച്ചു
നെഞ്ചിൽ മോഹം പനിനീർമ്മലരായ്‌
വീണ്ടും പൂത്തു വിടർന്നീടുമ്പോൾ
നക്ഷത്രങ്ങൾ പുഞ്ചിരിതൂകി
വ്യഥിതം ഇരുളിന്നറുതി കൊതിക്കെ
പുലരിവിരിഞ്ഞു നിറുകയിൽ മഞ്ഞിൻ
കണികകൾ വീണു തുടിച്ചേൻ
നെറ്റിയിൽദിനകര തിലകമണിഞ്ഞൊരു
ഹരിത മദാലസ സ്വപ്നം പോലെ
വാനിൽ താരകൾ മിഴികൾ ചിമ്മി
വാർമതി വീണ്ടും നിന്നു ചിരിച്ചു!

Monday, July 28, 2008

സമസ്യ

ചിലതു മുന്നോട്ട്‌
ചിലതു പിന്നോട്ട്‌
ചിലതു വലത്തോട്ട്‌
ചിലതു ഇടത്തോട്ട്‌
മുന്നിലെക്കുള്ള ദൂരം സമം
പിന്നിലെക്കുള്ള ദൂരം
പാതിയുറക്കത്തിൽ കണ്ട സ്വപ്നം
പകൽ വെളിച്ചത്തിലെ സത്യം
കാലം ചുവരിൽ തൂങ്ങുന്ന
ഘടികാരത്തിനുള്ളിൽ കിതക്കുന്നു
അതോ കുതിക്കുന്നുവൊ ..........
സംശയം ഇപ്പോളും ബാക്കി
ഞാൻ ഇന്നും ജീവിച്ചിരിക്കുന്നുവൊ!

Saturday, July 26, 2008

പാഴ്കിനാവ്‌

ഇന്നലെ രാവിലെൻ ഓർമ്മതൻ

ചെമ്പകംനിദ്രമേൽ പൂവിട്ടു നിന്നു

ഞാൻ വളർന്നൊരു തൊടിയിലെ മുല്ലകൾ

പുഞ്ചിരിപൂക്കൾ പൊഴിച്ചു.

സുന്ദര ബാല്യ കൗമാര കിനാവുകൾ

നർത്തനം ചെയ്തെന്റെ മുന്നിൽ

ഏതൊ ദിനന്തതിൽ കണ്ടു മറന്നൊരാ

പേലവ സ്വപനങ്ങൾ മാഞ്ഞുപോകെ

ഞാനെന്റെ വർത്തമാനത്തിന്റെ വാതിലിൽ

ഭാവിയെ പറ്റിയോർത്തോർത്തിരിക്കെ

ആരേ പറയുന്നു ,എല്ലാം കിനാവുകൾ

ജീവിതമെന്നതേ പാഴ്കിനാവ്‌

Friday, July 18, 2008

പൂമരങ്ങൾ

ഓർമ്മകൾ നിറഞ്ഞു പെയ്തൊരാ യുഗാന്ത സന്ധ്യയിൽ
നമ്മൾ രണ്ടു പൂമരങ്ങളായ്‌ ജനിച്ചു ഭുമിയിൽ
എത്രപേരു വന്നു നമ്മൾ തൻ തണൽ കൊതിച്ചവർ
എത്ര ക്രൂരനീതികൾക്കു മൂകസാക്ഷിയായി നാം
ഋതുക്കളായുരുണ്ടു കാലചക്രവും, ദിനങ്ങളും
പൂക്കളായ്‌ കൊഴിഞ്ഞു,നമ്മൾ കണ്ടതെത്ര ജീവിതം
നോക്കി നിൽപ്പു ഭുമിയിൽ കനത്ത മത്സരങ്ങളെ
ഇണ്ടലൊടെ കണ്ടുനിൽക്കെ നെഞ്ചമാശ്വസിചുപൊയ്‌
കോമരങ്ങൾ തുള്ളിയാർത്തുറഞ്ഞിടുന്ന ജീവിതം
വേണ്ട വേണ്ട പൂമരങ്ങളായ്‌ ജനിപ്പതെ സുഖം