Monday, December 28, 2009

മിന്നാമിനുങ്ങ്

കുരുക്കുത്തിമുല്ലകൾ പൂക്കുന്നരാവിൽ
താരകക്കുഞ്ഞിന്റെ തൊട്ടിലാം വാനം.
ഇരുളിന്റെ നിഴലുകൾ നിർമമം നിൽക്കെ,
പേടിയാലുള്ളിൽ പാലകൾ പൂക്കെ,
ചിന്തകൾ പോലും പനിച്ചു വിറക്കെ,
കണ്ണിമ ചിമ്മാതെ പുഞ്ചിരിപോലെ
ആരെവരുന്നു ?കൊണ്ടുപോയാക്കാം
വീടിൻപടിയോളം പെണ്ണെ എന്നോതി.
അച്ചനാകാമതു,സോദരനാകാം.
താലിച്ചരടിൽ കൊരുത്തവനാകാം.
മെല്ലെത്തിരിയവെ തുള്ളുന്നു നെഞ്ചം
മറ്റാരുമല്ലത്....മിന്നാമിനുങ്ങി.

Saturday, December 26, 2009

വെറുതെ...

കരളിലുണ്ടൊരു ജാലകം .
കിനാവുടച്ചൊരു ശീർഷകം.
നിനക്കുവേണ്ടി ഞാൻ തീർത്തതോ
മണലുകൊണ്ടൊരു ഗോപുരം.
മൊഴിച്ചിരാതു തെളിക്കുവാൻ
മിഴികൊതുമ്പിലെ ദീപകം.
പകലുവാറ്റി ത്രിസന്ധ്യതൻ
നെറുകിൽ ചാർത്തിയ കുങ്കുമം.
വിരലുനീട്ടും പ്രതീക്ഷതൻ
കരളിലേതൊ നിലാവുകൾ...
അതിരുകാണാത്ത കായലിൻ
നെറുകിലോടംതുഴയുവാൻ,
വെറുതെയാകുന്ന ചിന്തയും
മനസ്സുപോറ്റിയ സ്വപ്നവും.

Sunday, November 22, 2009

ഒറ്റക്കുനടന്നുപോകുന്ന ഒരാൾ

മൌനത്തിന്റെ മഞ്ഞിലൂടെ നടക്കുമ്പോൾ
ഓർമ്മകൾ പടികടന്നുവരും,
സൂചിക്കുഴയിൽ കൊരുത്ത നൂലുപോലെ.
അരക്ഷിതമായ വഴികളിലൂടെ ജീവിതം
എന്നെ കൂട്ടിക്കൊണ്ടുപോകുമ്പോൾ,
അടയാളപ്പെടുത്തപ്പെടാതെ കൊഴിഞ്ഞുപോയ
ഭൂതകാലത്തിന്റെ പ്രതിഷേധസ്വരം കേൾക്കാം.
മഴപുതച്ച രാവുകൾക്കുമീതെ വെയിൽ വരണ്ടിരിക്കുന്നു.
ഭൂതകാലത്തിന്റെ ചിലന്തിവലക്കുള്ളിൽ നിന്നും
വർത്തമാനത്തിന്റെ ഉഷ്ണഭൂമിയിലൂടെ ഒരു യാത്ര.
എന്റെ വഴിയെആരും വരാറില്ല.
നീണ്ട മുടിയുലച്ചുകൊണ്ട് ഇടക്കിടെ
കടന്നുപോകാറുള്ള കാറ്റല്ലാതെ,
യാത്രക്കിടയിലും കരിമഷിക്കണ്ണുള്ള
സ്വപ്നങ്ങൾ ഇടക്കിടെ തള്ളിക്കയറിവരും,
അലോസരപ്പെടുത്താൻ.
ഗുഹകളിൽ അടച്ചിട്ടവ,
കൊക്കയിലേക്കു തള്ളിയിട്ടുകൊന്നവ,
നൂലിൽ കൊരുത്ത പട്ടംപോലെ
എന്നെ പറത്തിക്കൊണ്ട് നടന്നവ..
അങ്ങിനെ നൂറു നൂറു തരം.
പക്ഷെ.. നിന്നിൽ മാത്രം ഞാൻ.....
പ്രണയത്തിന്റെ പച്ചപ്പു മാഞ്ഞുതുടങ്ങുമ്പോൾ,
മരണത്തിന്റെ തണുപ്പ് ചുരം കടന്നുവരും.
നിന്റെ ചുണ്ടുകളിൽ നിന്ന്
എന്റെ ചുംബനം പറിച്ചെടുക്കും.
വിരലുകളിൽ നിന്നു വിരലുകളേയും.....
ആർക്കും കടന്നുവരാനാവാത്ത ഏകാന്തതയിൽ
ഞാൻ കൊഴിഞ്ഞുതീരുന്നതിനും മുൻപ്,
കടും ചായങ്ങൾ പുരണ്ടു കരുവാളിച്ചുപോയ,
എന്റെ ക്യാൻവാസിൽ പ്രണയം
ഒരു ചിത്രമെങ്കിലും വരഞ്ഞെങ്കിൽ....

Wednesday, November 18, 2009

കോമാളിക്കോലം

വിലയില്ലാത്ത പ്രണയത്തിനു ജീവൻ
വിലകൊടുത്തവൾ,
ചോരയിറ്റു വീഴുമ്പോൾ ലോകത്തിനു
മുമ്പിൽ ചിരിക്കാൻ,കരയാൻ
ഒന്നിനും കഴിയാതെ
അടുക്കളതളത്തിലെ കരിപുരണ്ട
മീഞ്ചട്ടിപോലെ..
വസന്തങ്ങൾ വിളികേൾക്കാതെപോയ
അവളുടെ കോമാളിക്കോലം
കണ്ടിട്ടെനിക്കു വല്ലാതെ ചിരിവന്നു.
രണ്ടുപേർക്കിടയിൽ ഒരു ജീവിതം
പോരാതെ വന്നവരെ കണ്ടുകണ്ടു
മടുക്കുമ്പോൾ അവൾ ഒരു നല്ലകാഴ്ചതന്നെ.
ചിരിക്കാൻ,ചിരിച്ചുചിരിച്ചു മടുക്കുമ്പോൾ

വീണ്ടും ചിരിക്കാൻ
പീലികൾകൊഴിഞ്ഞുപോയ ഓർമ്മയുടെ
ഒരു വസന്തം അവൾക്കും ഉണ്ടാകില്ലേ
ചിരിക്കാൻ.....പാവം.

Sunday, November 15, 2009

ഇലകൾ കൊഴിയുമ്പോൾ........

ഇലകൾ കൊഴിയുമ്പോൾ
മരങ്ങൾ അടക്കം പറയും
കൊഴിഞ്ഞ ഇലയുടെ ഒരു ജീവിതകാലത്തെ
അടയാളപ്പെടുത്തലുകൾ....
മരണശേഷം വെളിപ്പെടുന്നതു
നന്മകൾ മാത്രമാണ്.
മനുഷ്യനെപ്പൊലെ മരങ്ങളും
അക്കാര്യത്തിൽ ചിന്തയുള്ളവരാകാം.
ഏകാന്തതയുടെ സൂര്യൻ പൊള്ളിച്ച,
പൊള്ളലിന്റെ വടുക്കളുള്ള,
മഞ്ഞിന്റെ തണുവും മാരുതന്റെ തലോടലും
അറിഞ്ഞിട്ടുംകുളിരാത്ത,
ഒരു മഴത്തുള്ളിയും എത്തിനോക്കാത്ത
ഒരു ഹൃദയം.........
ഹസ്തരേഖപോലെ ആ ഇലയിൽ
വരഞ്ഞുകിടന്നതു കണ്ടിട്ടും ആരും
അറിഞ്ഞില്ല.
എത്രയോ പൂവുകൾക്ക് വിടരാനിടംകൊടുത്ത
ചില്ലകൾവിട്ടു പോകുമ്പോൾ
ഇലയുടെ നെഞ്ഞിൽ ഒരായിരംഓർമ്മകൾ
ഇരമ്പിയിരിക്കണം.
ആരുമില്ലാത്ത ഈ മണ്ണിൽ ഒരു പടുമുളയായി
താൻ മുളച്ചതു മുതൽ
തന്റെ വസന്തം ഇലകളും പൂക്കളുമായി
കൊഴിഞ്ഞുപോകുമ്പോൾ
കരളുപൊട്ടുമാറ് ഒരു നിലവിളി
അവളിൽ ഉയർന്നിട്ടുണ്ടാവണം.
നിങ്ങൾക്ക് വേണ്ടതു ഹൃദയമല്ല.
അക്ഷരങ്ങൾകൊണ്ട് ഒപ്പിയെടുത്ത
കണ്ണീരിന്റെ നനവുള്ള മൌനം..
അടക്കംപറച്ചിലുകൾ...അടക്കം പറച്ചിലുകൾ
ബാക്കിയാക്കിപ്പോയ അടയാളങ്ങൾ...
പിന്നെ...പിന്നെ...
വിതച്ചതും കൊയ്തതും കൂട്ടിവച്ചതും...

Wednesday, November 11, 2009

അപസ്മാരം

ഞരമ്പുകളുടെ ശാസ്ത്രം ഒരുനാൾ
അവളെ തോല്പിച്ചു.
കഴലും അഴലും അഴകും മറന്നു.
വിസ്മൃതിയുടെ കാറ്റിൽ ഉലഞ്ഞുകൊണ്ട്
അവൾ ഒഴുകി നീങ്ങി.
ഒരു പൊങ്ങുതടി പോലെ.
തന്നെക്കാത്തൊരു തീരമുണ്ടെന്നത്
അവൾ മറന്നു പോയിരുന്നു.
പങ്കായമില്ലാതെ ആകാശത്തേക്കും
ഭൂമിയിലേക്കും നിഴൽ തുഴഞ്ഞു.
കാറ്റൊഴുകി പരക്കുന്ന നിലാവിന്റെ വഴിയും,
നക്ഷത്രങ്ങളുടെ വയലും കടന്നു.
അടുത്തനിമിഷം ദയാരാഹിത്ത്യത്തിന്റെ
മടിയിൽ അറ്റുതെറിച്ചപ്രണയത്തിന്റെആറാംവിരൽ പോലെ...
ചുറ്റും കൂടിയവർക്കു നരച്ചഒരുചിരി കൊടുത്തു.
രാവിന്റെ,പകലിന്റെ, നരിച്ചീറു ചിറകടിക്കുന്ന
ജന്മത്തിന്റെ,തുളവീണവർത്തമാനത്തിന്റെ,
നിഴലായ് അവളൊതുങ്ങിയിട്ടും....
നാട്ടറിവുകളുടെശവപ്പായയിൽ
ലോകം അവളെ പൊതിഞ്ഞുകെട്ടി.
ആകാശം ഒരുവെളുത്തപുതപ്പുകണക്കെ
അവൾക്കുമെൽ പതിച്ചു.

അപ്പോൾ മഴയുടെ ഇരമ്പലിനൊപ്പം
അവളുടെ കിതപ്പുകേൾക്കാമായിരുന്നു.

Tuesday, October 20, 2009

പറയാതെ പോയത്

നിന്നോടു പറയാനുള്ളതുകൂടി
എന്നോട് പറഞ്ഞ് പറഞ്ഞു
ഞാൻ മടുത്തു.
നിന്നെക്കാണുമ്പോഴൊക്കെ
‘പറയൂ’ എന്നൊരു കാറ്റ് നെഞ്ചിൽ
പിടയാറുണ്ട്.
മരണം എന്ന മൌനം ചുണ്ടുകൾക്ക്
മുദ്രവെക്കും വരെ
തന്നോടു തന്നെ പറഞ്ഞുപറഞ്ഞ്
പിഞ്ഞിക്കീറിയ ചേമ്പിലത്താളുപോലെ.....
രാവും പകലുമില്ലാതെ ഞാൻ പെറ്റു കൂട്ടിയ
മയിൽ പീലിത്തുണ്ടുകൾ മുഴുവൻ തന്നിട്ടും
നീ പകരം വെച്ചത്
വിരൽ ചതഞ്ഞ ഒരു മേഘക്കീറ്....
കാറ്റു വീശി നനഞ്ഞ മനസും
വെയിൽ വീണു കരിഞ്ഞ ജീവിതവും
ബാക്കിയാക്കി ഞാൻ മടങ്ങുമ്പോൾ
നിന്റെ തുടുത്ത കവിളിൽ വിരലാൽ വരഞ്ഞുപോയത്
പറയാൻ കൊതിച്ചിട്ടും കഴിയാതെ പോയ എന്റെ ഹൃദയം.
തളർന്ന ചില്ലയിൽ വിടർന്ന പൂവുപോലെ
ഒരു കണ്ണീർച്ചിരി എന്നെ വളഞ്ഞു പിടിക്കുന്നു.
നീ എന്നെയും ഞാൻ നിന്നെയും
പകർത്തിക്കഴിയും വരെ.........
അതുവരെ മാത്രം നമുക്കു ജീവിതം.

Sunday, October 18, 2009

ബോധിവൃക്ഷത്തണലിൽ

കാറ്റു തുഴഞ്ഞു ഞാൻ വരുന്നുണ്ട്
നിന്റെ ബോധിവൃക്ഷത്തണലിലേക്ക്...
നിന്റെ മിഴികളിലെ വെളിച്ചം
ഇനിമേൽ വഴി കാട്ടുമെന്ന്...
അതിന്റെ ഇരുളുപറ്റി നടക്കാൻ പടിക്കണമെന്ന്...
ഉറക്കം ഞെട്ടുന്ന കിനാവായിവന്നു
എന്റെ നിഴൽ ഒളിപ്പിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ല.
അമ്മാവിപ്പോരുസഹിയാതെ
തൂങ്ങി മരിച്ച പെണ്ണിനെയല്ലാതെ,
കിടക്കയുടെ അടിയിൽ ജാരനെ
സൂക്ഷിക്കുന്ന അനുജത്തിയെയല്ലാതെ,
നാല്പതുപേർ ചേർന്നു പിച്ചിച്ചീന്തിയ
സ്ത്രീത്വമല്ലാതെ,
അമ്മയുടെ വിവാഹത്തിന് ഉപ്പു വിളമ്പുന്ന
മകനെയല്ലാതെ,
ട്രെയിനിനു മുൻപിൽ ചതഞു തെറിച്ച
കൂട്ടുകാരിയെയല്ലാതെ,
മറ്റൊരുവളുടെ ഹൃദയം തേടുന്ന
ഭർത്താവിനെയല്ലാതെ....
എന്നിട്ടും ബോധിവൃക്ഷ തണലിലേക്ക്
എന്നെ നയിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ലല്ലോ...!

കാറ്റെടുത്തുപോയ കിനാക്കളുടെ പൊരുളും തേടി
ഞാൻ വരുമ്പോൾ
നിന്റെ ബോധിവൃക്ഷത്തണലിൽ
എന്താണുള്ളത്?
കടലോളം കനൽ തിളയ്ക്കുന്ന
നെഞ്ചും പൊത്തിപ്പിടിച്ച്
പുറം തിരിഞ്ഞ് നിൽക്കുന്ന നീ മാത്രം.
നിന്റെ നോവ് എന്നിൽ വീണുരുകുമ്പോൾ
എന്നെ വഴിയിലുപേക്ഷിച്ച് വീണ്ടും നീ
മറ്റൊരു ബോധിവൃക്ഷത്തിന്റെ തണൽ തേടി..!

Friday, September 18, 2009

താഴ്വരയുടെ സ്വപ്നം

താഴ്വര തനിയെ പറഞ്ഞു...
ഒരിക്കൽ ആ മലമുകളിലേക്ക് പോകണം,
അവിടെ നിന്ന് താഴേക്ക് നോക്കണം.
അപ്പോൾ ഒരു ദർപ്പണം പോലെ
എന്റെ മുഖം നിന്നിൽ തെളിഞ്ഞ് വരും.
അവിടെ നൃത്തം ചവിട്ടുന്ന ഉന്മാദിയായ
കാറ്റിന്റെ ചിറകിലേറി,
ഒരു തൂവൽ കണക്കേ താഴേക്ക് പറക്കണം.
കിളികളോടും ശലഭങ്ങളോടും പൂക്കളോടും
തന്റെ മോഹത്തെപറ്റി അവൾ പറഞ്ഞു.
അവയൊക്കെ പരിഹസിച്ചുകൊണ്ട്
പറന്നുപോയി.
താഴ്വര ഒരു പച്ചപ്പുതപ്പായി
മലമുകളിലേക്ക് നടക്കാൻ തുടങ്ങി.
തന്നെക്കടന്നുപോകുന്നവരുടെ കാലുകളിൽ
അവളുടെ പച്ചപ്പ് ഒട്ടിപ്പിടിച്ചു.
അവൾ ഒരു മരുഭൂമിയായി
മണ്ണിന്റെ മാറിൽ ഉറങ്ങാൻ കിടന്നു.

Tuesday, September 15, 2009

രണ്ടു ജീവിതങ്ങൾ

എന്റെ സ്വപ്നങ്ങളൂടെ ആഴം തേടി വന്ന
സഞ്ചാരിയെ പൊലെ നീ
കൂട്ടികൊണ്ടു പോയതു
വെയിൽ തിളയ്ക്കുന്ന ഒരു പകലിലേക്ക്
പക്ഷികൾ പറക്കാത്ത,
പൂവുകൾ ചിരിയ്ക്കാത്ത,ചിത്രശലഭങ്ങളും
നിറങ്ങളും ഇല്ലാത്ത
വെയിൽ മാത്രം തിളയ്ക്കുന്ന ഒരു പകൽ
മൂർത്തവും അമൂർത്തവുമായ
എന്തൊക്കെയൊ പിന്നിലേക്കു പാഞ്ഞു.
കാറ്റിൽ പിടഞ്ഞ എന്റെ ഇലതുമ്പുകളിൽ
ആരുടേയോ സ്നേഹചുംബനം...
അതും നീ തന്നെയോ.........?
അപൂർണമായ വരികൾ പോലെ
രണ്ടു ജീവിതങ്ങൾ
നമ്മൾ ജീവിതത്തിന്റെ മലകയറി
മരണത്തിന്റെ മടയിറങ്ങി
കാറ്റു വിറങ്ങലിച്ചു നിൽക്കുന്നഏതോ
താഴ്വരയിലേക്ക്
അവിടേ നിന്നും താഴേക്കു താഴേക്ക്...
ഉണർന്നപ്പോൾ ഞാനൊ....,
ആഴത്തിൽ വേരുകളറ്റു തൂങ്ങിയ ഒരു മരം.
കാറ്റടിച്ചെന്റെ ഇലകൾ കൊഴിഞ്ഞുകരിഞ്ഞുപോയി.

Sunday, September 13, 2009

ആരായിരുന്നു......?

നീ എനിക്കാരായിരുന്നു...
അറിയാത്ത വഴികളിലേക്ക്
അലിവോടെ കൈ പിടിച്ചവൻ.
കാറ്റു ചുട്ടികുത്തിയ മലകളിലും
താഴ്വരകളിലും നാമലഞ്ഞു,
പിറവിയുടെ വേദന ചൂളം
കുത്തിയ രാവുകളിൽ നിന്റെ
തണലിൽ ഞാൻ മയങ്ങി.
പിന്നെ എപ്പോളോജീവിതത്തിന്റെ
ഓവുചാലിൽകളഞ്ഞുപോയതു പ്രണയം.
നെറ്റിയിലെ സിന്ദുരത്തിൽ
തിളക്കുന്നതു പ്രണയത്തിന്റെ ഒരു കടൽ.
ഒളിഞ്ഞുംതെളിഞ്ഞും പറഞ്ഞിട്ടും
നീ കാണാതെ പോയത്,
പിറവിയിലേ മരിച്ച ശിശുക്കൾ പോലെ
കിനാവുകൾ.....
മരണത്തിന്റെ മുഖമുള്ള മൌനം,
നമ്മുടെ ചില്ലകളിൽ കൂടുകൂട്ടുന്നു.
നീ എനിക്കാരാണ്.....?
ഏതോനിലാവത്തു ഹൃദയത്തിന്റെ
കുന്നിറങ്ങി പോയവൻ.............!

Friday, September 11, 2009

മഴയുള്ള രാത്രി

മഴയുള്ള രാത്രിയിൽ കാതോർത്തു കിടക്കുമ്പോൾ
പാദസരക്കിലുക്കത്തോടെ അവൾ അടുത്തുവരും.
അബോധത്തിന്റെ ആലയങ്ങളിൽ
ഞങ്ങൾ കെട്ടിപിടിച്ചുറങ്ങും
ചിലപ്പോൾ അവൾക്ക് മുഖം ഇല്ല.
എങ്കിലും ആ പാവാടയുടെ നിറം
എനിക്കേതിരുട്ടിലും വ്യക്തം
മരണത്തിന്റെ മണമുള്ള,അല്ല
മരണത്തേക്കാൾ ഭീതിദമായ എല്ലാരാത്രികളിലും
അവൾ എന്റെ അരികിൽ വന്നിട്ടുണ്ട്
വരണ്ടുപോയ കടൽ പോലെ കിടക്കുമ്പോൾ
അവൾ എന്നെ നിറയ്ക്കും
തകർന്നുപോയ എന്റെ തംബുരുവിൽ
കനിവോടെ തലോടും
കാറ്റിലാടുന്ന ജാലകവാതിൽക്കൽ
ഒരൊറ്റക്കണ്ണൻ ചെന്നായ നാവു നുണച്ചിരിക്കുന്നു
ഹൃദയത്തിൽ മുനിഞ്ഞുകത്തുന്ന റാന്തൽ
അണയാതെ കാത്ത്
അവൾ പെയ്തുതീരും
തളർന്നു കിടക്കുന്ന എന്റെ നെറ്റിയിൽ
വാത്സല്യം പതിച്ച് മടങ്ങും
വീണ്ടും വരുന്നതും കാത്ത്
ഞാൻ ഘനീഭവിച്ചു കിടക്കും

Tuesday, September 8, 2009

അസ്തിത്വം

ഞാൻ ഒരു ശില്പമാണ്
മണ്ണടരുകൾക്കു കീഴേ
അസ്തിത്വം തിരയുന്ന ഒരു ശില്പം.
എനിക്കുമീതേ എന്തെല്ലാമോ ഉണ്ട്.
പാപബോധത്തിന്റെ ഉരുൾ പൊട്ടലുകൾ,
കപടഭക്തിയുടേയും സ്നേഹത്തിന്റേയും
താളിയോലകൾ,
എണ്ണിത്തിട്ടപ്പെടുത്താത്ത കണക്കുകൂട്ടലുകൾ,
നേട്ടപെരുക്കങ്ങൾ,
അങ്ങനെയങ്ങനെ....
എത്രയോ യുഗങ്ങളായി
ഈ മണ്ണടരുകൾക്ക് കീഴേ ഞാൻ
ഓരോ നിമിഷവും എന്തോ കൊതിച്ചുകൊണ്ട്
എപ്പോഴോ ഞാനെന്റെ
കൈകളും കാലുകളും നാവും കണ്ടു.
പക്ഷേ അവയെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു.
മോചനം ഒളിച്ചിരിക്കുന്നത് മനസിലാണെന്ന്
ഏതോ ശില്പി പറഞ്ഞുതന്നു
ഞാനിപ്പോൾ
എന്റെ മനസിനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു
കണ്ണും ചുണ്ടും കയ്യും കാലും
മൂക്കും മുലയും
അങ്ങനെ ആസ്വാദകനെ രമിപ്പിക്കുന്നതേ
ശില്പത്തിനു പാടുള്ളു എന്നു വേറൊരാൾ
മനസുള്ള ശില്പത്തിന് മണ്ണടരുകൾക്കു കീഴെപോലും
ശയിക്കാൻ കഴിയില്ലത്രേ.
ഇപ്പോൾ ഞാൻ അസ്തിത്വം ഉപേക്ഷിച്ചു
മണ്ണടരുകൾക്കു കിഴേ
ആരുടേയും ചവിട്ടുകൊള്ളാൻ പാകത്തിൽ.