Wednesday, May 26, 2010

രാത്രി

ഇരുളുപോലെ വെളുത്ത ഒരുവൾ
വെളിച്ചത്തിന്റെ ചീളുകൾ പെറുക്കിയെടുത്ത്
ഒരിക്കൽ കാറ്റിനു നൽകിയത്രെ.
വേനലും മഴയുമറിയാത്ത,
ഇരുളും വെളിച്ചവും ഇല്ലാത്ത,
വേണ്ടിടവും വേണ്ടാത്തിടവുമോരാത്ത ആ നാടോടി
പോയിടത്തെല്ലാം കണ്ടവർക്കെല്ലാം,
അവളുടെ ഹൃദയം പകുത്തുവത്രെ.
തകർന്നുപോയ അവൾ അന്നുമുതൽ
ആടയും അലങ്കാരവുമഴിച്ചുവച്ച്,
ഇരുളിന്റെ വിത്തായി
ഇരുണ്ട്...ഇരുണ്ട്...ഇരുണ്ട്.
അവളുടെ നോവ് ചിറകുമുളച്ചു
മിന്നാമിന്നികളായി പാറി നടന്നു.
കാറ്റോ...?
ഗതികിട്ടാത്ത ജന്മം പോലെ
അലഞ്ഞ്... അലഞ്ഞ്...അലഞ്ഞ്.
അവന്റെ വേദന പെയ്യാനാവാത്ത
ഒരു മഴമേഘം കണക്കെ ഉറഞ്ഞുകിടന്നു.

Friday, January 22, 2010

പാർട്ടീഷൻ

ഒരേ നൊമ്പരത്തിന്റെ ഇടനാഴിയിൽ
രണ്ടുപേർ കണ്ടുമുട്ടി.
പ്രണയിച്ചു.
വിവാഹം കഴിച്ചു.
രണ്ടു കുട്ടികൾ പിറന്നു.
എപ്പോളോ പ്രണയത്തിനു പാർട്ടീഷൻ നടന്നു.
അവന്റെപ്രണയം അവനും,
അവളുടെ പ്രണയം അവൾക്കും.
അവന്റെ പ്രണയം മറ്റൊരുവളായി മാറി.
അവളുടെതു ഒന്നുമല്ലാതെയും.
കുഞ്ഞുങ്ങൾ ദയനീയമായ രണ്ടു പ്രണയചിഹ്നങ്ങളും?

Tuesday, January 12, 2010

ഒഴുക്കിനൊപ്പം....

ഉപമയോ ഉല്പ്രേക്ഷയോ ഇല്ലാത്ത
സന്ധിയോ സമാസമൊ ഇല്ലാത്ത നിന്നെ പറ്റി,
ഒരു കവിതയുടെ വയലോരത്തെ കാക്കപ്പൂവായ
അവളെ പറ്റി....
പറിച്ചെറിയാൻപറ്റാത്ത നിലപാടുകളിൽ
അടിത്തൂൺ പറ്റിയ പിതാവിനെപറ്റി,

ആകാശത്തിന്റെ നീലിമ എന്നും കരളിൽ
സുക്ഷിച്ച അമ്മയെപറ്റി...
ആദ്യമായി നക്ഷത്രങ്ങളെ കാട്ടിത്തന്ന രാവിനെപറ്റി,
ജീവിതം നീരുവാറ്റി ഉപേക്ഷിച്ച പ്രണയത്തിന്റെ
ശരീരത്തെപറ്റി..
എന്നെ വായിക്കുമ്പോൾ നവരസങ്ങളാൽ
തിളങ്ങുന്ന വായനക്കാരെപറ്റി,
എന്നോടൊപ്പം നടന്നുമടുത്ത വർഷങ്ങളെപ്പറ്റി...
ഒന്നുംപറയാൻഇപ്പോൾനേരമില്ല.
റോടിൽ ആർക്കോ അപകടം പറ്റിയിരിക്കുന്നു.
മാംസം തുളച്ചുഎല്ലുകൾ പുറത്തിറങ്ങിയ
അയാളുടെ കരച്ചിൽ കാണാൻ എന്തൊരുഭക്തജനപ്രവാഹം...?
അയാൾമരിക്കുന്നതു കാണാൻഞാനും അക്കൂട്ടത്തിൽ കൂടട്ടെ.
“ഒഴുക്കിനൊപ്പം തുഴയ്യ് നീയെന്നു“ ഇപ്പോഴും
അദ്ദേഹം പറഞ്ഞതേയുള്ളു.

Monday, December 28, 2009

മിന്നാമിനുങ്ങ്

കുരുക്കുത്തിമുല്ലകൾ പൂക്കുന്നരാവിൽ
താരകക്കുഞ്ഞിന്റെ തൊട്ടിലാം വാനം.
ഇരുളിന്റെ നിഴലുകൾ നിർമമം നിൽക്കെ,
പേടിയാലുള്ളിൽ പാലകൾ പൂക്കെ,
ചിന്തകൾ പോലും പനിച്ചു വിറക്കെ,
കണ്ണിമ ചിമ്മാതെ പുഞ്ചിരിപോലെ
ആരെവരുന്നു ?കൊണ്ടുപോയാക്കാം
വീടിൻപടിയോളം പെണ്ണെ എന്നോതി.
അച്ചനാകാമതു,സോദരനാകാം.
താലിച്ചരടിൽ കൊരുത്തവനാകാം.
മെല്ലെത്തിരിയവെ തുള്ളുന്നു നെഞ്ചം
മറ്റാരുമല്ലത്....മിന്നാമിനുങ്ങി.

Saturday, December 26, 2009

വെറുതെ...

കരളിലുണ്ടൊരു ജാലകം .
കിനാവുടച്ചൊരു ശീർഷകം.
നിനക്കുവേണ്ടി ഞാൻ തീർത്തതോ
മണലുകൊണ്ടൊരു ഗോപുരം.
മൊഴിച്ചിരാതു തെളിക്കുവാൻ
മിഴികൊതുമ്പിലെ ദീപകം.
പകലുവാറ്റി ത്രിസന്ധ്യതൻ
നെറുകിൽ ചാർത്തിയ കുങ്കുമം.
വിരലുനീട്ടും പ്രതീക്ഷതൻ
കരളിലേതൊ നിലാവുകൾ...
അതിരുകാണാത്ത കായലിൻ
നെറുകിലോടംതുഴയുവാൻ,
വെറുതെയാകുന്ന ചിന്തയും
മനസ്സുപോറ്റിയ സ്വപ്നവും.

Sunday, November 22, 2009

ഒറ്റക്കുനടന്നുപോകുന്ന ഒരാൾ

മൌനത്തിന്റെ മഞ്ഞിലൂടെ നടക്കുമ്പോൾ
ഓർമ്മകൾ പടികടന്നുവരും,
സൂചിക്കുഴയിൽ കൊരുത്ത നൂലുപോലെ.
അരക്ഷിതമായ വഴികളിലൂടെ ജീവിതം
എന്നെ കൂട്ടിക്കൊണ്ടുപോകുമ്പോൾ,
അടയാളപ്പെടുത്തപ്പെടാതെ കൊഴിഞ്ഞുപോയ
ഭൂതകാലത്തിന്റെ പ്രതിഷേധസ്വരം കേൾക്കാം.
മഴപുതച്ച രാവുകൾക്കുമീതെ വെയിൽ വരണ്ടിരിക്കുന്നു.
ഭൂതകാലത്തിന്റെ ചിലന്തിവലക്കുള്ളിൽ നിന്നും
വർത്തമാനത്തിന്റെ ഉഷ്ണഭൂമിയിലൂടെ ഒരു യാത്ര.
എന്റെ വഴിയെആരും വരാറില്ല.
നീണ്ട മുടിയുലച്ചുകൊണ്ട് ഇടക്കിടെ
കടന്നുപോകാറുള്ള കാറ്റല്ലാതെ,
യാത്രക്കിടയിലും കരിമഷിക്കണ്ണുള്ള
സ്വപ്നങ്ങൾ ഇടക്കിടെ തള്ളിക്കയറിവരും,
അലോസരപ്പെടുത്താൻ.
ഗുഹകളിൽ അടച്ചിട്ടവ,
കൊക്കയിലേക്കു തള്ളിയിട്ടുകൊന്നവ,
നൂലിൽ കൊരുത്ത പട്ടംപോലെ
എന്നെ പറത്തിക്കൊണ്ട് നടന്നവ..
അങ്ങിനെ നൂറു നൂറു തരം.
പക്ഷെ.. നിന്നിൽ മാത്രം ഞാൻ.....
പ്രണയത്തിന്റെ പച്ചപ്പു മാഞ്ഞുതുടങ്ങുമ്പോൾ,
മരണത്തിന്റെ തണുപ്പ് ചുരം കടന്നുവരും.
നിന്റെ ചുണ്ടുകളിൽ നിന്ന്
എന്റെ ചുംബനം പറിച്ചെടുക്കും.
വിരലുകളിൽ നിന്നു വിരലുകളേയും.....
ആർക്കും കടന്നുവരാനാവാത്ത ഏകാന്തതയിൽ
ഞാൻ കൊഴിഞ്ഞുതീരുന്നതിനും മുൻപ്,
കടും ചായങ്ങൾ പുരണ്ടു കരുവാളിച്ചുപോയ,
എന്റെ ക്യാൻവാസിൽ പ്രണയം
ഒരു ചിത്രമെങ്കിലും വരഞ്ഞെങ്കിൽ....

Wednesday, November 18, 2009

കോമാളിക്കോലം

വിലയില്ലാത്ത പ്രണയത്തിനു ജീവൻ
വിലകൊടുത്തവൾ,
ചോരയിറ്റു വീഴുമ്പോൾ ലോകത്തിനു
മുമ്പിൽ ചിരിക്കാൻ,കരയാൻ
ഒന്നിനും കഴിയാതെ
അടുക്കളതളത്തിലെ കരിപുരണ്ട
മീഞ്ചട്ടിപോലെ..
വസന്തങ്ങൾ വിളികേൾക്കാതെപോയ
അവളുടെ കോമാളിക്കോലം
കണ്ടിട്ടെനിക്കു വല്ലാതെ ചിരിവന്നു.
രണ്ടുപേർക്കിടയിൽ ഒരു ജീവിതം
പോരാതെ വന്നവരെ കണ്ടുകണ്ടു
മടുക്കുമ്പോൾ അവൾ ഒരു നല്ലകാഴ്ചതന്നെ.
ചിരിക്കാൻ,ചിരിച്ചുചിരിച്ചു മടുക്കുമ്പോൾ

വീണ്ടും ചിരിക്കാൻ
പീലികൾകൊഴിഞ്ഞുപോയ ഓർമ്മയുടെ
ഒരു വസന്തം അവൾക്കും ഉണ്ടാകില്ലേ
ചിരിക്കാൻ.....പാവം.