Wednesday, December 26, 2007

അര്‍ദ്ധനാരീശ്വരം

ഒരു പുല്‍ക്കൊടിയുടെ ഹൃദയം മന്ത്രിക്കുന്നു
താരകള്‍ വിളറുന്ന നിശബ്ദയാമങ്ങളില്‍
കേള്‍ക്കൂ പ്രിയയാത്രികാ നിന്റെ കാലടിയില്‍ ഞാന്‍
ഞെരിഞ്ഞമരുന്നു മൌനപ്രണയമായ്
ഞാനിരിക്കുന്നേന്‍ ഇരുള്‍ ഊഴിയെ ഒളിക്കുമ്പോള്‍
വെളിച്ചം ചുരത്തുന്ന ചന്ദ്രനായ് കുമുദിപോല്‍
മിഴികളിലുദിച്ചില്ല ചന്ദന നിലാവുകള്‍
അസ്തമയ സൂര്യന്റെ ദീര്‍ഘപ്രതീക്ഷകള്‍
ചിന്തകള്‍ വരണ്ടു വിണ്ട പാടങ്ങളില്‍
കതിരുകള്‍ കരിയുന്ന മണ്ണിന്റെ നോവുപോല്‍
ഞാന്‍ മറന്നുപോയെന്‍ മധുസ്മൃതികളില്‍
പൂത്ത കരളിന്റെ ഉത്സവവേളകള്‍
പഥിക കാത്തിരിക്കുന്നു അനന്തമായ്
നീളുമെന്റെ ജീവായുസിന്‍ അറുതിയില്‍
എന്നിലേക്കുരുകി അലിയുന്ന പ്രണയമായ്
നീയണയുമാ മോഹന മാത്രയെ
നോവുകത്തിത്തിളക്കുന്ന സ്ത്രീത്വമായ്
കാത്തിരിപ്പൂ ഞാന്‍ പൂര്‍ണമാം പൌരുഷം
നീ ശിവം,ശക്തിയാകുന്നു ഞാന്‍ പ്രഭോ
നമ്മള്‍ ചേരുമ്പോള്‍ അര്‍ദ്ധനാരീശ്വരം
ഞാന്‍ ജഗത്തിന്‍ ജനനി,നീ മം‌ഗളം
നമ്മള്‍ ചേരുമ്പോള്‍ സര്‍വ്വവും മം‌ഗളം

Sunday, December 16, 2007

ഉത്തരം

ആരാണു നീയെന്നു ചോദിപ്പു ചുറ്റിലും
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങളെയ്തിന്നവര്‍
ഗോകുലത്തില്‍ പണ്ടുപ്രേമ പ്രതീക്ഷയില്‍
ആകെയടിമുടി പൂത്തോരു രാധഞാന്‍
താതന്റെ ആജ്ഞ ശിരസാ വഹിച്ചോരു
കാന്തനു നിഴലായ സീത
നാഥനെ കാത്തങ്ങ് ഈരേഴു വത്സരം
കണ്ണീരുണങ്ങാത്ത ഊര്‍മ്മിള
അന്ധനാണെന്‍ പ്രിയനെന്നറിഞ്ഞോരുനാള്‍
സ്വയം അന്ധയായ്‌ തീര്‍ന്ന ഗാന്ധാരി
ആറു മക്കള്‍ക്കു മാതാവായി എങ്കിലും
കര്‍ണനെ കൈവിട്ട കുന്തി
അഞ്ചുപേര്‍ പതികളായുണ്ടായിരുന്നിട്ടും
അപഹസിതയായ പാഞ്ചാലി
കുന്തി,പാഞ്ചാലി,ഗാന്ധാരി,ഊര്‍മ്മിള,സീത
മണ്ഢോദരി പിന്നെ താടക പൂതന.
പാതിവ്രത്യത്തിന്റെ കണ്ണകിയാണു ഞാന്‍
കല്ലായി ജന്മം തുലച്ചോരഹല്യ ഞാന്‍
അലറുന്ന കടലും ശാന്തമേഘങ്ങളും
നക്ഷത്രദ്യോവും ഇളം കാറ്റുമാണു ഞാന്‍
പ്രണയിനി,പത്നി,മാതാവു,സോദരി
മകള്‍,മഹിഷാസുരമര്‍ദ്ധിനി,ഭഗവതി
ചോദ്യശരങ്ങളൊടിഞ്ഞുവോ നിങ്ങള്‍ക്കു
സ്ത്രീയെയറിയുമോ സ്ത്രീത്വമറിയുമോ

Saturday, December 15, 2007

വേണുഗായകന്‍

ഞാന്‍ തിരയുന്നു നീലനിലാവിലെന്‍
നിദ്രതന്‍ നിഗൂഢമേഘങ്ങള്‍
കാലത്തിന്‍ പീലി വിടര്‍ത്താടുമോര്‍മ്മകള്‍
നീള്‍മിഴിത്തുമ്പില്‍ തുളുമ്പെ
ഏതോ കിനാവിന്റെ നൊമ്പരപ്പാടുമായ്
കാര്‍മുകില്‍ വാനില്‍ പിടയ്ക്കെ
ആരേ വരുന്നുവെന്‍ ഓമനപ്പീലികള്‍
പൊട്ടിച്ചെടുക്കാന്‍ പതുങ്ങി
മെല്ലെ കിതക്കുന്നു ഉള്ളം നടുങ്ങുന്നു
നോവുന്നു പീലികള്‍ പോകെ
ആരേ കവര്‍ന്നതെന്‍ വര്‍ണങ്ങളെന്നുഞാന്‍
മെല്ലെത്തിരിഞ്ഞു നോക്കുമ്പോള്‍
കഷ്ടം ഞാന്‍ കണ്ടതെന്‍ പീലികള്‍ ചൂടിയ
പൊന്‍‌വേണു ഗായകനല്ലോ