Saturday, July 19, 2014

എങ്കിലും...

അടുക്കും തോറും പിരിഞ്ഞുപോകുന്നുണ്ട്
വഴികൾ, ബന്ധങ്ങളുടെ വിഴുപ്പുനാറുന്ന
തെരുവിൽ നിന്നും ഉയിർത്തു വരുന്നുണ്ട്
ദൈവഭയമില്ലാത്ത രാവുകൾ,
വിസ്മ്രിതിയുടെ ആഴങ്ങളിൽ മുക്കി
കൊലപ്പെടുത്തിയിട്ടും
മരണപ്പെടാത്ത ചിലതൊക്കെ
തലനീട്ടുന്നുണ്ട്..
എങ്കിലും,
കടലിടുക്കുകളിലൂടെ നീങ്ങുമ്പോഴും
ആകാശത്തെ ചുംബിക്കുന്നുണ്ടെന്റെ
പായ്ക്കപ്പൽ..!
മഷിതൂവി പടർന്ന എഴുത്തുകളിലൂടെ
വിരലുനീട്ടി കുതിക്കുന്നുണ്ട്
ഒരു ഏകാകിയുടെ ആത്മാവ്..!!
ഇടറുന്നെങ്കിലും ചുവടുവെക്കുന്നുണ്ട്
തെരുവിലൊരു നഗ്നസഞ്ചാരി..!!!

Thursday, July 17, 2014

മിന്നാമിന്നിപ്പാടം.

വരമ്പിനൊടുവിൽ മിന്നാമിന്നികളുടെ
പാടവും കടന്നുവേണം എനിക്ക്
വീട്ടിലെത്താൻ.
ഇരുളിലൂടെ നടക്കുമ്പോൾ
തലച്ചോറിലാകെ ഓർമ്മകളുടെ
മിന്നാമിന്നികളാണ്.
ഒഴുക്കുകളെ കവച്ചുവെക്കുമ്പോൾ
മുരളുന്നുണ്ട്, കവിതയുടെ തിരകൾ.
ജലശംഖുകളിൽ നനഞ്ഞു നീറുന്ന
ഒരു ഹ്രിദയം പതിച്ചുവെച്ച്...,
ഉടലുകളിൽ ഉഷ്ണം വിതച്ച
ഒരു  രാത്രി കൊയ്തെടുത്തത്
ഒരു ആയുസ്സിന്റെ പ്രണയമായിരുന്നു..
ഇപ്പോളിതാ, നരച്ചുവിളറിയ ആകാശം
എനിക്ക് മുകളിൽ വ്രിത്തം വരക്കുമ്പോൾ,
ആരാണ് എന്നോട് പറയുന്നത്..?
നക്ഷത്രങ്ങളിൽ നിന്ന് അടർന്നു വീണ
 മുത്തുകളാവാം മിന്നാമിന്നികളെന്ന്...!

ഓർമ്മകൾക്ക് മരണമില്ല....

ഓർമ്മകൾക്ക് മരണമില്ല,
ഒരു ചില്ലയിൽ നിന്നും
ഇലകൾ പൊഴിയും പോലെ,
 നിശബ്ദമായി പൊഴിഞ്ഞാലും,
എപ്പോഴും കിരുകിരെ കരഞ്ഞുകൊണ്ട്
നമുക്കുചുറ്റും വലം വെച്ചുകൊണ്ടിരിക്കും...!

മറവിയുടെ താളിയോലക്കെട്ടഴിഞ്ഞു
പുറത്തേക്ക് വരുന്നുണ്ട്,
റെയിൽവെ ട്രാക്കിലെ ചൂളംവിളിയായി
ആത്മാവിലെ മുറിവുകൾ
ചുംബിച്ചുറക്കിയവൾ.....!

                  

വരുന്നുണ്ട് ,

 മരണം  മായ്ച്ച പ്രിയമുഖങ്ങൾ
ഒന്നൊന്നായി...
ബോധത്തിന്റെ ഓരോ അടരിലും
ഓർമ്മകളുടെ വിലാപയാത്ര,
വർഷങ്ങൾക്കിപ്പുറം,
 ഈ കർക്കിടകരാവിന്നേകാന്തതയിലും
തർപ്പണം തുടരുകയാണ് ഞാൻ..!

 

  

മരണത്തിന് മായ്ക്കാൻ കഴിയുന്നതെന്താണ്...?
ഓർമ്മകളുടെ അതിർവരമ്പുകൾ...
കാലവും ദേശവും ഇല്ലാതെയാവുമ്പോൾ,
എനിക്കും നിനക്കും ഒരേ മുഖം,
ഒരേ നിറം,മണം,രുചി...!!


Wednesday, July 16, 2014

നമുക്കിടയിൽ.....

നിന്റെകണ്ണിനും എനിക്കുമിടയിൽ
ഒരു കണ്ണാടി.
ഞാൻ കാണുന്നതൊക്കെ
നീ വൈകി കാണുന്നത് അതുകൊണ്ടാകാം....
പ്രതീക്ഷയുടെ പാലപ്പൂക്കൾ
 കൊഴിഞ്ഞിട്ടില്ലന്നു
ഞാൻ പറഞ്ഞിട്ടും
നീ അവിശ്വസിച്ചതും അതുകൊണ്ടാകാം...!
കടൽ നാവുകൾ നീട്ടി
 വഴികളിൽഒളിഞ്ഞിരുന്ന
അവിശ്വാസത്തിന്റെ മലകളിൽ
വിശ്വാസത്തിന്റെ
പാറകൾ നീ പ്രതീക്ഷിച്ചിട്ടുണ്ടാവാം.....!!

ഒരേചിന്തയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളായി
രൂപപ്പെടുമ്പോഴും
അദ്രിശ്യമായതെന്തോ നമ്മെ
വലിച്ചടുപ്പിക്കുന്നുണ്ട്....!!!!

വിശ്വാസങ്ങളും അവിശ്വാസങ്ങളും
സ്വപ്നങ്ങളും യാധാർത്യങ്ങളും
പരസ്പരം പകുത്തെടുക്കുന്ന ഈ ജീവിതത്തിൽ
നീയും ഞാനും മാത്രമാണു സത്യം.

പ്രണയം..

എനിക്കും നിനക്കുമിടയിൽ
കാറ്റുപോലെ വീശുന്നതോ,
കടലുപോലെ ഇരമ്പുന്നതോ,
നിഴലുപോലെ പൊതിയുന്നതോ,
പ്രണയം.....!

എന്റെ ആഴങ്ങളിൽ
ആകാശം പതിച്ചു വെച്ചതും
മൌനത്തിന്റെ കയങ്ങളിൽ
 മുക്കി പുലയാടിയതും
പ്രണയമേ  നീയാകുന്നു....!!


നിന്നിലേക്കു ഞാനും എന്നിലേക്കു നീയും
നഷ്ടപ്പെടുമ്പോൾ
മരണത്തിന്റെ കുളിരിൽ നിന്നും
ജീവിതത്തിന്റെ ഇരുളിലേക്ക്
പിന്നെയും നീയെന്നെ
വലിച്ചെറിയുന്നു....!!!

Tuesday, July 15, 2014

മനസ്സ്.

തിരമാലകൾ തീരത്തുതല്ലി അഴിയും പോലെയാണ്
ചിലപ്പോൾ മനസ്സും...
വരുന്നതിനേക്കാൾ  ശക്തമായി
ഉടഞ്ഞുപോകുന്നു.
കണ്ണുനീരിന്റെ വക്കോളമെത്തിയൊടുങ്ങുന്ന
ഓളങ്ങളിൽ ലിപികൾ നഷ്ടപ്പെട്ട പ്രണയം
ഒഴുക്കറ്റുപോകെ,
ഇടയിലെവിടെയോ കൊത്തിവെക്കുന്നുണ്ട്
മൌനത്തിന്റെ മഹാഗോപുരങ്ങൾ..
നിനക്കുമെനിക്കുമിടയിൽ ഒരു നോട്ടത്തിന്റെ
ദൂരവും ആഴവുമെങ്കിലും..,
കൌതുകമുണർത്തുന്നുണ്ട് ചിലപ്പോളെങ്കിലും.
ദൂരേക്കുമാറിനിന്നു ഞാനെന്നെത്തന്നെ
 ഒന്നു കണ്ടുകൊള്ളട്ടെ..!
അലോസരങ്ങളില്ലാതെ,
പിൻ വിളികളുടെ ആർദ്രതയില്ലാതെ,
ഒന്നു നടന്നുകൊള്ളട്ടെ..!!