Wednesday, March 11, 2015

ദേശാടനപക്ഷികൾ..


സ്വപ്നത്തിന്റെ കരകളിടിഞ്ഞ്
ഉടൽ മണ്ണ് പൊതിയും മുമ്പ്
തന്നു തീർക്കണം
കരുതിവെച്ചതെല്ലാം..
നീലരാവിന്റെ തൂലികയാൽ
നിലാവിന്റെ ധവളപത്രത്തിൽ
നിനക്കായി എഴുതുന്നുണ്ട്
ഒരു പ്രണയലേഖനം..


നിരാലംബമായ നോട്ടങ്ങളുടെ
മുനയിൽ കുരുങ്ങുമ്പോഴും
പ്രണയമേ,
കുതിക്കുകയാണ്
നിന്നിലേക്കെന്റെ കടൽ...

കരകളിടിഞ്ഞ് മണ്ണുടലായി
മദപ്പാടുകൾ മായും വരെ
ഇഴുകിയൊഴുകണം,
ഇണചേർന്നുടയണം,
അറിവിലേക്കും പിഞ്ചും-
കിനാവിലേക്കും..
ജാലകത്തിനപ്പുറം ഇരുളിലേക്ക്
തേഞ്ഞുപോകുന്നു,
മിന്നൽ മുഖമുള്ളൊരു
മഴനൂൽകിനാവ്..

താഴ് വാരങ്ങളിൽ ചാറ്റൽമഴ
പെയ്യുമ്പോൾ കറുത്തിരുണ്ട
ആകാശമേഘങ്ങളിലേക്ക്
പകർത്തിയെഴുതണം
നിലവിളിക്കൊതുമ്പുകളിൽ
മുമ്പേ പോയ രഹസ്യങ്ങൾ..

നമ്മൾ ദേശാടനപക്ഷികൾ
കണ്ണീരാൽ വിണ്ടുപോകുന്ന
ഒരു ദിനം,
എപ്പോൾ വേണമെങ്കിലും
പിരിഞ്ഞുപോയേക്കാം.

3 comments:

Unknown said...

പിരിയും മുൻപെന്കിലും
നൊംപരങ്ങൾ തിരിച്ചറിയണം

Unknown said...

പിരിയും മുൻപെന്കിലും
നൊംപരങ്ങൾ തിരിച്ചറിയണം

വിപിൻ മഠത്തിൽ said...

ഒരുവേളയിൽ ഒന്നാവേണ്ടവ ഓർമ്മകൾ മാത്രം