Sunday, November 15, 2009

ഇലകൾ കൊഴിയുമ്പോൾ........

ഇലകൾ കൊഴിയുമ്പോൾ
മരങ്ങൾ അടക്കം പറയും
കൊഴിഞ്ഞ ഇലയുടെ ഒരു ജീവിതകാലത്തെ
അടയാളപ്പെടുത്തലുകൾ....
മരണശേഷം വെളിപ്പെടുന്നതു
നന്മകൾ മാത്രമാണ്.
മനുഷ്യനെപ്പൊലെ മരങ്ങളും
അക്കാര്യത്തിൽ ചിന്തയുള്ളവരാകാം.
ഏകാന്തതയുടെ സൂര്യൻ പൊള്ളിച്ച,
പൊള്ളലിന്റെ വടുക്കളുള്ള,
മഞ്ഞിന്റെ തണുവും മാരുതന്റെ തലോടലും
അറിഞ്ഞിട്ടുംകുളിരാത്ത,
ഒരു മഴത്തുള്ളിയും എത്തിനോക്കാത്ത
ഒരു ഹൃദയം.........
ഹസ്തരേഖപോലെ ആ ഇലയിൽ
വരഞ്ഞുകിടന്നതു കണ്ടിട്ടും ആരും
അറിഞ്ഞില്ല.
എത്രയോ പൂവുകൾക്ക് വിടരാനിടംകൊടുത്ത
ചില്ലകൾവിട്ടു പോകുമ്പോൾ
ഇലയുടെ നെഞ്ഞിൽ ഒരായിരംഓർമ്മകൾ
ഇരമ്പിയിരിക്കണം.
ആരുമില്ലാത്ത ഈ മണ്ണിൽ ഒരു പടുമുളയായി
താൻ മുളച്ചതു മുതൽ
തന്റെ വസന്തം ഇലകളും പൂക്കളുമായി
കൊഴിഞ്ഞുപോകുമ്പോൾ
കരളുപൊട്ടുമാറ് ഒരു നിലവിളി
അവളിൽ ഉയർന്നിട്ടുണ്ടാവണം.
നിങ്ങൾക്ക് വേണ്ടതു ഹൃദയമല്ല.
അക്ഷരങ്ങൾകൊണ്ട് ഒപ്പിയെടുത്ത
കണ്ണീരിന്റെ നനവുള്ള മൌനം..
അടക്കംപറച്ചിലുകൾ...അടക്കം പറച്ചിലുകൾ
ബാക്കിയാക്കിപ്പോയ അടയാളങ്ങൾ...
പിന്നെ...പിന്നെ...
വിതച്ചതും കൊയ്തതും കൂട്ടിവച്ചതും...

3 comments:

jyo.mds said...

എന്റെ വസന്തം ഇലയും പൂക്കളുമായി കൊഴിഞ്ഞു പോകുബോള്‍---

അഭിജിത്ത് മടിക്കുന്ന് said...

വളരെ വ്യത്യസ്തമായ വീക്ഷണം.പ്രകൃതിയിലേക്ക് കണ്ണു തുറന്നിരിക്കൂ.അത് തന്നെ പറഞ്ഞുതരും കൂടുതല്‍ മനശാസ്ത്രം.

Deepa Bijo Alexander said...

സമാനഹൃദയേ... നിനക്കെന്റെ സ്നേഹാശംസകൾ....! ഇതു കൊഴിയുന്നൊരില എന്നെക്കൊണ്ടെഴുതിപ്പിച്ചത്‌....
ഇല പൊഴിയുന്നു......