Tuesday, September 8, 2009

അസ്തിത്വം

ഞാൻ ഒരു ശില്പമാണ്
മണ്ണടരുകൾക്കു കീഴേ
അസ്തിത്വം തിരയുന്ന ഒരു ശില്പം.
എനിക്കുമീതേ എന്തെല്ലാമോ ഉണ്ട്.
പാപബോധത്തിന്റെ ഉരുൾ പൊട്ടലുകൾ,
കപടഭക്തിയുടേയും സ്നേഹത്തിന്റേയും
താളിയോലകൾ,
എണ്ണിത്തിട്ടപ്പെടുത്താത്ത കണക്കുകൂട്ടലുകൾ,
നേട്ടപെരുക്കങ്ങൾ,
അങ്ങനെയങ്ങനെ....
എത്രയോ യുഗങ്ങളായി
ഈ മണ്ണടരുകൾക്ക് കീഴേ ഞാൻ
ഓരോ നിമിഷവും എന്തോ കൊതിച്ചുകൊണ്ട്
എപ്പോഴോ ഞാനെന്റെ
കൈകളും കാലുകളും നാവും കണ്ടു.
പക്ഷേ അവയെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു.
മോചനം ഒളിച്ചിരിക്കുന്നത് മനസിലാണെന്ന്
ഏതോ ശില്പി പറഞ്ഞുതന്നു
ഞാനിപ്പോൾ
എന്റെ മനസിനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു
കണ്ണും ചുണ്ടും കയ്യും കാലും
മൂക്കും മുലയും
അങ്ങനെ ആസ്വാദകനെ രമിപ്പിക്കുന്നതേ
ശില്പത്തിനു പാടുള്ളു എന്നു വേറൊരാൾ
മനസുള്ള ശില്പത്തിന് മണ്ണടരുകൾക്കു കീഴെപോലും
ശയിക്കാൻ കഴിയില്ലത്രേ.
ഇപ്പോൾ ഞാൻ അസ്തിത്വം ഉപേക്ഷിച്ചു
മണ്ണടരുകൾക്കു കിഴേ
ആരുടേയും ചവിട്ടുകൊള്ളാൻ പാകത്തിൽ.

4 comments:

സെറീന said...
This comment has been removed by the author.
സെറീന said...

യുഗങ്ങളായി അമര്‍ത്തി പിടിച്ച കൊതികള്‍ കൊണ്ടു
അകം കനത്ത ഒരു ശില്‍പ്പത്തിനു വേണ്ടി മണ്ണില്‍
മണ്ണില്‍ ചില കാത്തിരിപ്പുകളുണ്ട് രാധേ,
വെറുതെ കണ്ണടച്ചാല്‍ മരിച്ചു പോവിലല്ലോ,
ഉപേക്ഷിച്ചു എന്നത് അത്ര എളുപ്പമേയല്ല.
ഇടവേളകള്‍ വല്ലാതെ കൂട്ടാതെ എഴുതൂ.
ഇത് നന്നായിട്ടുണ്ട്.

Steephen George said...

vayichu

സജീവ് കടവനാട് said...

ഈ ശില്പത്തിന്റെ കണ്ണും ചുണ്ടും കയ്യും കാലും
മൂക്കും മുലയും മൊക്കെ രമിപ്പിച്ചു. ശില്പിക്ക് അഭിനന്ദനങ്ങള്‍.


കവിത ഇങ്ങോട്ടു ഷിഫ്റ്റു ചെയ്തോ?

ജീവിതത്തിന്റെ മരുഭൂവില്‍ വെച്ച് ചിലര്‍ എഴുത്തില്‍ കത്തും.

മരുഭൂവില്‍ നിന്ന് ജീവിതത്തിലേക്കെത്തുമ്പോള്‍ മറ്റു ചിലരും.