Tuesday, October 20, 2009

പറയാതെ പോയത്

നിന്നോടു പറയാനുള്ളതുകൂടി
എന്നോട് പറഞ്ഞ് പറഞ്ഞു
ഞാൻ മടുത്തു.
നിന്നെക്കാണുമ്പോഴൊക്കെ
‘പറയൂ’ എന്നൊരു കാറ്റ് നെഞ്ചിൽ
പിടയാറുണ്ട്.
മരണം എന്ന മൌനം ചുണ്ടുകൾക്ക്
മുദ്രവെക്കും വരെ
തന്നോടു തന്നെ പറഞ്ഞുപറഞ്ഞ്
പിഞ്ഞിക്കീറിയ ചേമ്പിലത്താളുപോലെ.....
രാവും പകലുമില്ലാതെ ഞാൻ പെറ്റു കൂട്ടിയ
മയിൽ പീലിത്തുണ്ടുകൾ മുഴുവൻ തന്നിട്ടും
നീ പകരം വെച്ചത്
വിരൽ ചതഞ്ഞ ഒരു മേഘക്കീറ്....
കാറ്റു വീശി നനഞ്ഞ മനസും
വെയിൽ വീണു കരിഞ്ഞ ജീവിതവും
ബാക്കിയാക്കി ഞാൻ മടങ്ങുമ്പോൾ
നിന്റെ തുടുത്ത കവിളിൽ വിരലാൽ വരഞ്ഞുപോയത്
പറയാൻ കൊതിച്ചിട്ടും കഴിയാതെ പോയ എന്റെ ഹൃദയം.
തളർന്ന ചില്ലയിൽ വിടർന്ന പൂവുപോലെ
ഒരു കണ്ണീർച്ചിരി എന്നെ വളഞ്ഞു പിടിക്കുന്നു.
നീ എന്നെയും ഞാൻ നിന്നെയും
പകർത്തിക്കഴിയും വരെ.........
അതുവരെ മാത്രം നമുക്കു ജീവിതം.

5 comments:

വരവൂരാൻ said...

തളർന്ന ചില്ലയിൽ വിടർന്ന പൂവുപോലെ
ഒരു കണ്ണീർച്ചിരി എന്നെ വളഞ്ഞു പിടിക്കുന്നു.
നീ എന്നെയും ഞാൻ നിന്നെയും
പകർത്തിക്കഴിയും വരെ.........
അതുവരെ മാത്രം നമുക്കു ജീവിതം.

നല്ല വരികൾ
ആശംസകൾ

താരകൻ said...

വഴികളിൽ പൊള്ളുന്നവെയിലായിരുന്നോനിൻ
ഉള്ളിലും കാട്ടു തീയായിരുന്നോ?
വാടിതളർന്നിളവേൽക്കുവാൻ നീയൊരു കുളിർനിഴൽ
തിരയുകയാ‍യിരുന്നോ?...

രാജീവ്‌ .എ . കുറുപ്പ് said...

കാറ്റു വീശി നനഞ്ഞ മനസും
വെയിൽ വീണു കരിഞ്ഞ ജീവിതവും

നന്നായി,, ആശംസകള്‍

Umesh Pilicode said...

അതുവരെ മാത്രം നമുക്കു ജീവിതം

goooooooooooood

രഘുനാഥന്‍ said...

കവിത കൊള്ളാം ശ്രീജ