Friday, September 18, 2009

താഴ്വരയുടെ സ്വപ്നം

താഴ്വര തനിയെ പറഞ്ഞു...
ഒരിക്കൽ ആ മലമുകളിലേക്ക് പോകണം,
അവിടെ നിന്ന് താഴേക്ക് നോക്കണം.
അപ്പോൾ ഒരു ദർപ്പണം പോലെ
എന്റെ മുഖം നിന്നിൽ തെളിഞ്ഞ് വരും.
അവിടെ നൃത്തം ചവിട്ടുന്ന ഉന്മാദിയായ
കാറ്റിന്റെ ചിറകിലേറി,
ഒരു തൂവൽ കണക്കേ താഴേക്ക് പറക്കണം.
കിളികളോടും ശലഭങ്ങളോടും പൂക്കളോടും
തന്റെ മോഹത്തെപറ്റി അവൾ പറഞ്ഞു.
അവയൊക്കെ പരിഹസിച്ചുകൊണ്ട്
പറന്നുപോയി.
താഴ്വര ഒരു പച്ചപ്പുതപ്പായി
മലമുകളിലേക്ക് നടക്കാൻ തുടങ്ങി.
തന്നെക്കടന്നുപോകുന്നവരുടെ കാലുകളിൽ
അവളുടെ പച്ചപ്പ് ഒട്ടിപ്പിടിച്ചു.
അവൾ ഒരു മരുഭൂമിയായി
മണ്ണിന്റെ മാറിൽ ഉറങ്ങാൻ കിടന്നു.

Tuesday, September 15, 2009

രണ്ടു ജീവിതങ്ങൾ

എന്റെ സ്വപ്നങ്ങളൂടെ ആഴം തേടി വന്ന
സഞ്ചാരിയെ പൊലെ നീ
കൂട്ടികൊണ്ടു പോയതു
വെയിൽ തിളയ്ക്കുന്ന ഒരു പകലിലേക്ക്
പക്ഷികൾ പറക്കാത്ത,
പൂവുകൾ ചിരിയ്ക്കാത്ത,ചിത്രശലഭങ്ങളും
നിറങ്ങളും ഇല്ലാത്ത
വെയിൽ മാത്രം തിളയ്ക്കുന്ന ഒരു പകൽ
മൂർത്തവും അമൂർത്തവുമായ
എന്തൊക്കെയൊ പിന്നിലേക്കു പാഞ്ഞു.
കാറ്റിൽ പിടഞ്ഞ എന്റെ ഇലതുമ്പുകളിൽ
ആരുടേയോ സ്നേഹചുംബനം...
അതും നീ തന്നെയോ.........?
അപൂർണമായ വരികൾ പോലെ
രണ്ടു ജീവിതങ്ങൾ
നമ്മൾ ജീവിതത്തിന്റെ മലകയറി
മരണത്തിന്റെ മടയിറങ്ങി
കാറ്റു വിറങ്ങലിച്ചു നിൽക്കുന്നഏതോ
താഴ്വരയിലേക്ക്
അവിടേ നിന്നും താഴേക്കു താഴേക്ക്...
ഉണർന്നപ്പോൾ ഞാനൊ....,
ആഴത്തിൽ വേരുകളറ്റു തൂങ്ങിയ ഒരു മരം.
കാറ്റടിച്ചെന്റെ ഇലകൾ കൊഴിഞ്ഞുകരിഞ്ഞുപോയി.

Sunday, September 13, 2009

ആരായിരുന്നു......?

നീ എനിക്കാരായിരുന്നു...
അറിയാത്ത വഴികളിലേക്ക്
അലിവോടെ കൈ പിടിച്ചവൻ.
കാറ്റു ചുട്ടികുത്തിയ മലകളിലും
താഴ്വരകളിലും നാമലഞ്ഞു,
പിറവിയുടെ വേദന ചൂളം
കുത്തിയ രാവുകളിൽ നിന്റെ
തണലിൽ ഞാൻ മയങ്ങി.
പിന്നെ എപ്പോളോജീവിതത്തിന്റെ
ഓവുചാലിൽകളഞ്ഞുപോയതു പ്രണയം.
നെറ്റിയിലെ സിന്ദുരത്തിൽ
തിളക്കുന്നതു പ്രണയത്തിന്റെ ഒരു കടൽ.
ഒളിഞ്ഞുംതെളിഞ്ഞും പറഞ്ഞിട്ടും
നീ കാണാതെ പോയത്,
പിറവിയിലേ മരിച്ച ശിശുക്കൾ പോലെ
കിനാവുകൾ.....
മരണത്തിന്റെ മുഖമുള്ള മൌനം,
നമ്മുടെ ചില്ലകളിൽ കൂടുകൂട്ടുന്നു.
നീ എനിക്കാരാണ്.....?
ഏതോനിലാവത്തു ഹൃദയത്തിന്റെ
കുന്നിറങ്ങി പോയവൻ.............!

Friday, September 11, 2009

മഴയുള്ള രാത്രി

മഴയുള്ള രാത്രിയിൽ കാതോർത്തു കിടക്കുമ്പോൾ
പാദസരക്കിലുക്കത്തോടെ അവൾ അടുത്തുവരും.
അബോധത്തിന്റെ ആലയങ്ങളിൽ
ഞങ്ങൾ കെട്ടിപിടിച്ചുറങ്ങും
ചിലപ്പോൾ അവൾക്ക് മുഖം ഇല്ല.
എങ്കിലും ആ പാവാടയുടെ നിറം
എനിക്കേതിരുട്ടിലും വ്യക്തം
മരണത്തിന്റെ മണമുള്ള,അല്ല
മരണത്തേക്കാൾ ഭീതിദമായ എല്ലാരാത്രികളിലും
അവൾ എന്റെ അരികിൽ വന്നിട്ടുണ്ട്
വരണ്ടുപോയ കടൽ പോലെ കിടക്കുമ്പോൾ
അവൾ എന്നെ നിറയ്ക്കും
തകർന്നുപോയ എന്റെ തംബുരുവിൽ
കനിവോടെ തലോടും
കാറ്റിലാടുന്ന ജാലകവാതിൽക്കൽ
ഒരൊറ്റക്കണ്ണൻ ചെന്നായ നാവു നുണച്ചിരിക്കുന്നു
ഹൃദയത്തിൽ മുനിഞ്ഞുകത്തുന്ന റാന്തൽ
അണയാതെ കാത്ത്
അവൾ പെയ്തുതീരും
തളർന്നു കിടക്കുന്ന എന്റെ നെറ്റിയിൽ
വാത്സല്യം പതിച്ച് മടങ്ങും
വീണ്ടും വരുന്നതും കാത്ത്
ഞാൻ ഘനീഭവിച്ചു കിടക്കും

Tuesday, September 8, 2009

അസ്തിത്വം

ഞാൻ ഒരു ശില്പമാണ്
മണ്ണടരുകൾക്കു കീഴേ
അസ്തിത്വം തിരയുന്ന ഒരു ശില്പം.
എനിക്കുമീതേ എന്തെല്ലാമോ ഉണ്ട്.
പാപബോധത്തിന്റെ ഉരുൾ പൊട്ടലുകൾ,
കപടഭക്തിയുടേയും സ്നേഹത്തിന്റേയും
താളിയോലകൾ,
എണ്ണിത്തിട്ടപ്പെടുത്താത്ത കണക്കുകൂട്ടലുകൾ,
നേട്ടപെരുക്കങ്ങൾ,
അങ്ങനെയങ്ങനെ....
എത്രയോ യുഗങ്ങളായി
ഈ മണ്ണടരുകൾക്ക് കീഴേ ഞാൻ
ഓരോ നിമിഷവും എന്തോ കൊതിച്ചുകൊണ്ട്
എപ്പോഴോ ഞാനെന്റെ
കൈകളും കാലുകളും നാവും കണ്ടു.
പക്ഷേ അവയെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു.
മോചനം ഒളിച്ചിരിക്കുന്നത് മനസിലാണെന്ന്
ഏതോ ശില്പി പറഞ്ഞുതന്നു
ഞാനിപ്പോൾ
എന്റെ മനസിനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു
കണ്ണും ചുണ്ടും കയ്യും കാലും
മൂക്കും മുലയും
അങ്ങനെ ആസ്വാദകനെ രമിപ്പിക്കുന്നതേ
ശില്പത്തിനു പാടുള്ളു എന്നു വേറൊരാൾ
മനസുള്ള ശില്പത്തിന് മണ്ണടരുകൾക്കു കീഴെപോലും
ശയിക്കാൻ കഴിയില്ലത്രേ.
ഇപ്പോൾ ഞാൻ അസ്തിത്വം ഉപേക്ഷിച്ചു
മണ്ണടരുകൾക്കു കിഴേ
ആരുടേയും ചവിട്ടുകൊള്ളാൻ പാകത്തിൽ.