Wednesday, December 26, 2007

അര്‍ദ്ധനാരീശ്വരം

ഒരു പുല്‍ക്കൊടിയുടെ ഹൃദയം മന്ത്രിക്കുന്നു
താരകള്‍ വിളറുന്ന നിശബ്ദയാമങ്ങളില്‍
കേള്‍ക്കൂ പ്രിയയാത്രികാ നിന്റെ കാലടിയില്‍ ഞാന്‍
ഞെരിഞ്ഞമരുന്നു മൌനപ്രണയമായ്
ഞാനിരിക്കുന്നേന്‍ ഇരുള്‍ ഊഴിയെ ഒളിക്കുമ്പോള്‍
വെളിച്ചം ചുരത്തുന്ന ചന്ദ്രനായ് കുമുദിപോല്‍
മിഴികളിലുദിച്ചില്ല ചന്ദന നിലാവുകള്‍
അസ്തമയ സൂര്യന്റെ ദീര്‍ഘപ്രതീക്ഷകള്‍
ചിന്തകള്‍ വരണ്ടു വിണ്ട പാടങ്ങളില്‍
കതിരുകള്‍ കരിയുന്ന മണ്ണിന്റെ നോവുപോല്‍
ഞാന്‍ മറന്നുപോയെന്‍ മധുസ്മൃതികളില്‍
പൂത്ത കരളിന്റെ ഉത്സവവേളകള്‍
പഥിക കാത്തിരിക്കുന്നു അനന്തമായ്
നീളുമെന്റെ ജീവായുസിന്‍ അറുതിയില്‍
എന്നിലേക്കുരുകി അലിയുന്ന പ്രണയമായ്
നീയണയുമാ മോഹന മാത്രയെ
നോവുകത്തിത്തിളക്കുന്ന സ്ത്രീത്വമായ്
കാത്തിരിപ്പൂ ഞാന്‍ പൂര്‍ണമാം പൌരുഷം
നീ ശിവം,ശക്തിയാകുന്നു ഞാന്‍ പ്രഭോ
നമ്മള്‍ ചേരുമ്പോള്‍ അര്‍ദ്ധനാരീശ്വരം
ഞാന്‍ ജഗത്തിന്‍ ജനനി,നീ മം‌ഗളം
നമ്മള്‍ ചേരുമ്പോള്‍ സര്‍വ്വവും മം‌ഗളം

5 comments:

അലി said...

പുതുവത്സരാശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

ആശംസകള്‍

ശ്രീ said...

നന്നായിരിയ്ക്കുന്നു, പുതുവത്സരാശംസകള്‍‌!
:)

കാവലാന്‍ said...

നല്ലവരികള്‍, പുതുവത്സരാശംസകള്‍.

Unknown said...

Ninte paathiyil alinju cherumbol nee poornayakum.


Good ...