Sunday, December 16, 2007

ഉത്തരം

ആരാണു നീയെന്നു ചോദിപ്പു ചുറ്റിലും
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങളെയ്തിന്നവര്‍
ഗോകുലത്തില്‍ പണ്ടുപ്രേമ പ്രതീക്ഷയില്‍
ആകെയടിമുടി പൂത്തോരു രാധഞാന്‍
താതന്റെ ആജ്ഞ ശിരസാ വഹിച്ചോരു
കാന്തനു നിഴലായ സീത
നാഥനെ കാത്തങ്ങ് ഈരേഴു വത്സരം
കണ്ണീരുണങ്ങാത്ത ഊര്‍മ്മിള
അന്ധനാണെന്‍ പ്രിയനെന്നറിഞ്ഞോരുനാള്‍
സ്വയം അന്ധയായ്‌ തീര്‍ന്ന ഗാന്ധാരി
ആറു മക്കള്‍ക്കു മാതാവായി എങ്കിലും
കര്‍ണനെ കൈവിട്ട കുന്തി
അഞ്ചുപേര്‍ പതികളായുണ്ടായിരുന്നിട്ടും
അപഹസിതയായ പാഞ്ചാലി
കുന്തി,പാഞ്ചാലി,ഗാന്ധാരി,ഊര്‍മ്മിള,സീത
മണ്ഢോദരി പിന്നെ താടക പൂതന.
പാതിവ്രത്യത്തിന്റെ കണ്ണകിയാണു ഞാന്‍
കല്ലായി ജന്മം തുലച്ചോരഹല്യ ഞാന്‍
അലറുന്ന കടലും ശാന്തമേഘങ്ങളും
നക്ഷത്രദ്യോവും ഇളം കാറ്റുമാണു ഞാന്‍
പ്രണയിനി,പത്നി,മാതാവു,സോദരി
മകള്‍,മഹിഷാസുരമര്‍ദ്ധിനി,ഭഗവതി
ചോദ്യശരങ്ങളൊടിഞ്ഞുവോ നിങ്ങള്‍ക്കു
സ്ത്രീയെയറിയുമോ സ്ത്രീത്വമറിയുമോ

9 comments:

Sanal Kumar Sasidharan said...

ഇത്രയും നല്ല ഭാഷ കയ്യിലുള്ള സ്ഥിതിക്ക് കുറച്ചുകൂടി കാലികമായ രീതിയിലേക്ക് യാത്രചെയ്യാന്‍ തയാറാകണം എന്നൊരഭിപ്രായമുണ്ട്. :)

simy nazareth said...

കവിത നന്നായി.
അഭിനന്ദനങ്ങള്‍.

lost world said...

നിങ്ങള്‍ക്കു
സ്ത്രീയെയറിയുമോ സ്ത്രീത്വമറിയുമോ?


ഇല്ല,നിയ്ക്കറിഞ്ഞൂട....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കവിതക്കു നല്ല ഒഴുക്കുണ്ട്, നല്ല ഭാഷയും.
തുടരൂ..

ശ്രീ said...

നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

നാടോടി said...

kOLLam
nalla varikal

നിരക്ഷരൻ said...

എന്തായീക്കേള്‍ക്കുന്നത്. സ്ത്രീത്വത്തെക്കുറിച്ച് ഇതിലും വലിയതിനി കേള്‍ക്കാനാവില്ല.
ഒടിഞ്ഞു.
ചോദ്യശരങ്ങളും , വില്ലും , ആവനാഴിയും, എല്ലാം .

aneeshans said...

നല്ല ഭാഷയുണ്ട്. എന്തേ തുടര്‍ച്ചയായി എഴുതുന്നില്ല. എഴുതൂ എഴുതിക്കൊണ്ടേയിരിക്കൂ