Sunday, October 18, 2009

ബോധിവൃക്ഷത്തണലിൽ

കാറ്റു തുഴഞ്ഞു ഞാൻ വരുന്നുണ്ട്
നിന്റെ ബോധിവൃക്ഷത്തണലിലേക്ക്...
നിന്റെ മിഴികളിലെ വെളിച്ചം
ഇനിമേൽ വഴി കാട്ടുമെന്ന്...
അതിന്റെ ഇരുളുപറ്റി നടക്കാൻ പടിക്കണമെന്ന്...
ഉറക്കം ഞെട്ടുന്ന കിനാവായിവന്നു
എന്റെ നിഴൽ ഒളിപ്പിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ല.
അമ്മാവിപ്പോരുസഹിയാതെ
തൂങ്ങി മരിച്ച പെണ്ണിനെയല്ലാതെ,
കിടക്കയുടെ അടിയിൽ ജാരനെ
സൂക്ഷിക്കുന്ന അനുജത്തിയെയല്ലാതെ,
നാല്പതുപേർ ചേർന്നു പിച്ചിച്ചീന്തിയ
സ്ത്രീത്വമല്ലാതെ,
അമ്മയുടെ വിവാഹത്തിന് ഉപ്പു വിളമ്പുന്ന
മകനെയല്ലാതെ,
ട്രെയിനിനു മുൻപിൽ ചതഞു തെറിച്ച
കൂട്ടുകാരിയെയല്ലാതെ,
മറ്റൊരുവളുടെ ഹൃദയം തേടുന്ന
ഭർത്താവിനെയല്ലാതെ....
എന്നിട്ടും ബോധിവൃക്ഷ തണലിലേക്ക്
എന്നെ നയിക്കുന്നതെന്തിനാണ്?
ദുരിതങ്ങൾ ഞാൻ കണ്ടിട്ടേയില്ലല്ലോ...!

കാറ്റെടുത്തുപോയ കിനാക്കളുടെ പൊരുളും തേടി
ഞാൻ വരുമ്പോൾ
നിന്റെ ബോധിവൃക്ഷത്തണലിൽ
എന്താണുള്ളത്?
കടലോളം കനൽ തിളയ്ക്കുന്ന
നെഞ്ചും പൊത്തിപ്പിടിച്ച്
പുറം തിരിഞ്ഞ് നിൽക്കുന്ന നീ മാത്രം.
നിന്റെ നോവ് എന്നിൽ വീണുരുകുമ്പോൾ
എന്നെ വഴിയിലുപേക്ഷിച്ച് വീണ്ടും നീ
മറ്റൊരു ബോധിവൃക്ഷത്തിന്റെ തണൽ തേടി..!

5 comments:

Anil cheleri kumaran said...

നൊമ്പരപ്പൂക്കള്‍..!

കുളക്കടക്കാലം said...

നൊമ്പരപ്പുഴ താണ്ടണം,താങ്ങാവണം, നൊമ്പരച്ചോര്‍ പങ്കുവച്ചുണ്ണണം,നൊമ്പരമേറ്റ് ചുവന്നു തുടുക്കണം.
നന്നായി ചുവന്നു വിടര്‍ന്ന റോസാ പുഷ്പങ്ങളാണ് കാഴ്ചക്കാര്‍ക്ക്‌ ഇമ്പമാവുക. ഈ
പൂക്കള്‍ കുളിരു കാഴ്ചക്കാര്‍ക്ക് ഇമ്പമാകും, തീര്‍ച്ച

the man to walk with said...

കവിത ഇഷ്ടായി :)

Seek My Face said...

കാറ്റെടുത്തുപോയ കിനാക്കളുടെ പൊരുളും തേടി
ഞാൻ വരുമ്പോൾ
നിന്റെ ബോധിവൃക്ഷത്തണലിൽ
എന്താണുള്ളത്?
കടലോളം കനൽ തിളയ്ക്കുന്ന
നെഞ്ചും പൊത്തിപ്പിടിച്ച്
പുറം തിരിഞ്ഞ് നിൽക്കുന്ന നീ മാത്രം.
niccc....

Anonymous said...

നന്നായിട്ടുണ്ട്.. :)