Sunday, August 10, 2008

ചിതകടക്കാതെ

മരിച്ച മോഹത്തിൻ ചിതകടക്കാതെ

വിറച്ചുതുള്ളുമെൻ ഭ്രാന്തൻ കിനാക്കളെ

തിരിച്ചുനൽകുക,കടത്തുവഞ്ചിയിൽ

ഒറ്റക്കു തന്നെ ഞാൻ തുഴഞ്ഞു പൊയ്ക്കൊള്ളാം

മിഴിച്ചകണ്ണുമായ്‌ വഴിയിടങ്ങളിൽ

പകച്ചുനിൽക്കുമെൻ വർണ്ണങ്ങളേ

വരുതിരികെപൊയിടാം .

കനത്ത സ്വപ്നങ്ങൾ കരളിൽ തെണ്ടുന്നു

കണ്ണുനീർ പൊയ്കയിൽ ബലികഴിക്കുന്നു

ഇടവമാടി തിമിർക്കുന്നു മിഴികളിൽ

മൊഴികളിൽ ഇരുൾ പതറുന്നു, നാവിൻ

രുചിഭേദങ്ങളെ തിരിച്ചറിയാതെ

തളരുകയായി,തകർന്ന തമ്പുരു

മടിയിൽ വെച്ചു ഞാൻ ശ്രുതികൾ മീട്ടുന്നു.

പനിച്ചുതുള്ളുമെൻ പ്രാണനിൽ പ്രണയത്തിൻ

ഒരു തിരി കൊളുത്തീടുവാനിന്നലെ

കടന്നു വന്നതാർ,അവരുടെ വഴി

എനിക്കു മുൻപിലൊ,പിൻപിലൊ,ഒപ്പമൊ!

അറിഞ്ഞ നേരിനാൽ കുറിച്ചു ഞാനെന്റെ

കരളിൽ വിങ്ങും കിനാവിന്റെ അക്ഷരം

പറിച്ചു ഞാനതിൻ കറുത്ത മൂടികൾ

തെറിച്ചു വീഴുന്നു കയ്ക്കും നേരുകൾ

ചുമച്ചു തുപ്പുന്നു പഴുത്തനൊമ്പരം പ

ഴിച്ച നാവുകൾ തളരുന്നു വീണ്ടും

വരികളായി ഞാൻ വലിച്ചെറിഞ്ഞൊരാ

കറുത്ത അക്ഷരം തുടിച്ചുയരുന്നു

തകർന്ന തമ്പുരു മടിയിൽ വെച്ചു ഞാൻ

ഇരിക്കുന്നു വീണ്ടും,പടി കടക്കുവാനാകാതെ

തേങ്ങുമെൻ കിനാക്കളെ വരൂ

പകുതിയിൽ വച്ചു പടിയിറങ്ങിടാം

4 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌.... ഹൃദയത്തിലൊരു ചിത കത്തിയെരിയുമ്പോഴും ചുണ്ടിലെ പുഞ്ചിരി മായാതിരിയ്ക്കട്ടെ....

ശ്രീഇടമൺ said...

വളരെ നല്ല കവിത...
ആശംസകള്‍...*

ഹന്‍ല്ലലത്ത് Hanllalath said...

"...ചുമച്ചു തുപ്പുന്നു പഴുത്തനൊമ്പരം പ

ഴിച്ച നാവുകൾ തളരുന്നു വീണ്ടും

വരികളായി ഞാൻ വലിച്ചെറിഞ്ഞൊരാ

കറുത്ത അക്ഷരം തുടിച്ചുയരുന്നു .."

താളത്താല്‍ മനോഹരമായ കവിത...