Wednesday, May 26, 2010

രാത്രി

ഇരുളുപോലെ വെളുത്ത ഒരുവൾ
വെളിച്ചത്തിന്റെ ചീളുകൾ പെറുക്കിയെടുത്ത്
ഒരിക്കൽ കാറ്റിനു നൽകിയത്രെ.
വേനലും മഴയുമറിയാത്ത,
ഇരുളും വെളിച്ചവും ഇല്ലാത്ത,
വേണ്ടിടവും വേണ്ടാത്തിടവുമോരാത്ത ആ നാടോടി
പോയിടത്തെല്ലാം കണ്ടവർക്കെല്ലാം,
അവളുടെ ഹൃദയം പകുത്തുവത്രെ.
തകർന്നുപോയ അവൾ അന്നുമുതൽ
ആടയും അലങ്കാരവുമഴിച്ചുവച്ച്,
ഇരുളിന്റെ വിത്തായി
ഇരുണ്ട്...ഇരുണ്ട്...ഇരുണ്ട്.
അവളുടെ നോവ് ചിറകുമുളച്ചു
മിന്നാമിന്നികളായി പാറി നടന്നു.
കാറ്റോ...?
ഗതികിട്ടാത്ത ജന്മം പോലെ
അലഞ്ഞ്... അലഞ്ഞ്...അലഞ്ഞ്.
അവന്റെ വേദന പെയ്യാനാവാത്ത
ഒരു മഴമേഘം കണക്കെ ഉറഞ്ഞുകിടന്നു.